/kalakaumudi/media/media_files/2025/09/12/sk-2025-09-12-19-30-44.jpg)
ചെന്നൈ: മലയാള പരസ്യകലയിലെ ആധുനികതയുടെ ആദ്യ പ്രയോക്താവും പ്രശസ്ത പരസ്യ കോപ്പി റൈറ്ററുമായിരുന്ന ശങ്കര്‍ കൃഷ്ണമൂര്‍ത്തി (ശിവ കൃഷ്ണമൂര്‍ത്തി-85) ചെന്നൈ സാലിഗ്രാമില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണം പരസ്യകലാരംഗത്തിന് വലിയൊരു നഷ്ടമാണ്.
1939-ല്‍ ആലപ്പുഴയില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി, എഴുപതുകളില്‍ കോട്ടയത്തേക്ക് താമസം മാറ്റി. ഈ കാലഘട്ടത്തിലാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഭാഗ്യചിഹ്നങ്ങളിലൊന്നായ ഭീമ ജ്വല്ലറിയുടെ 'ഭീമ ബോയ്' അദ്ദേഹത്തിന്റെ ഭാവനയില്‍ പിറന്നത്. എണ്‍പതുകളില്‍ മലയാളത്തിലെ പ്രമുഖ പരസ്യ കമ്പനിയായിരുന്ന കെ.പി.ബി-യുടെ ക്രിയേറ്റീവ് ഡയറക്ടറും കോപ്പി റൈറ്ററുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
'പാലാട്ട്' അച്ചാര്‍, 'വി ഗൈഡ്' തുടങ്ങി അനേകം ബ്രാന്‍ഡുകള്‍ക്ക് പേര് നല്‍കിയതും, 'പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്', 'മഴ മഴ, കുട കുട' (സെന്റ് ജോര്‍ജ്/പോപ്പി), 'പുറത്ത് ചെറിയ കട, അകത്ത് അതിവിശാലമായ ഷോറൂം' (കോട്ടയം അയ്യപ്പാസ്) എന്നിങ്ങനെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന നിരവധി പരസ്യവാചകങ്ങള്‍ സൃഷ്ടിച്ചതും അദ്ദേഹമാണ്.
തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു. പരസ്യങ്ങള്‍ക്കപ്പുറം, തമിഴ് പ്രസിദ്ധീകരണങ്ങളില്‍ മുന്നൂറിലധികം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. കൂടാതെ 'കാലചക്രം'(2002) എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും അദ്ദേഹമാണ് രചിച്ചത്.
പിന്നീട് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യ കമ്പനിയില്‍ ജോലി സ്വീകരിച്ച് അങ്ങോട്ട് താമസം മാറ്റുകയായിരുന്നു. ജീവിതത്തിന്റെ അവസാന കാലം വരെയും സജീവമായിരുന്ന അദ്ദേഹത്തിന്റെ ഒരു പുതിയ കഥ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 'വുമണ്‍സ് എറ' ഇംഗ്ലീഷ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഭാര്യ: ശാന്താ കൃഷ്ണമൂര്‍ത്തി. മക്കള്‍: അജയ് ശങ്കര്‍ (അമേരിക്ക), വിജയ് ശങ്കര്‍ (സിനിമ എഡിറ്റര്‍), ആനന്ദ് ശങ്കര്‍ (അമേരിക്ക). മരുമക്കള്‍: മായ, ലയ, വൈജയന്തി .
സംസ്‌കാരം പിന്നീട് നടക്കും.