ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ 48-കാരന്‍ മരിച്ചു

രക്തപരിശോധനയിൽ നേരത്തെ ഇദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചിരുന്നു. മലംപരിശോധനയുടെ ഫലംകൂടി ലഭിച്ചാലേ കോളറയാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കൂ.

author-image
Anitha
Updated On
New Update
adejaJBAJBDA

ആലപ്പുഴ: കോളറ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള എടത്വാ തലവടി സ്വദേശി പി.ജി. രഘു(48) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 1.30-ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രഘുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നതായാണ് വിവരം.രക്തപരിശോധനയിൽ നേരത്തെ ഇദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചിരുന്നു. മലംപരിശോധനയുടെ ഫലംകൂടി ലഭിച്ചാലേ കോളറയാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കൂ. വെള്ളിയാഴ്ചയോടെ ഈ പരിശോധനാഫലം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മൃതദേഹം നിലവിൽ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രാജി, മകൾ: ശിവ പാർവതി.

അതേസമയം, കോളറയ്ക്കും വയറിളക്കരോഗങ്ങൾക്കുമെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. തുടക്കത്തിൽത്തന്നെ വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കിൽ കോളറ മരണകാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

വിബ്രിയോ കോളറൈ എന്നബാക്ടീരിയയാണ് രോഗകാരി. രോഗിയുടെ മലത്തിൽനിന്ന് രോഗാണുക്കൾ കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ആഹാരത്തിലൂടെയും മറ്റുള്ളവരിലേക്ക് പകരും.

കഞ്ഞിവെള്ളംപോലെ മലവിസർജനം നടത്തുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഛർദ്ദിയുമുണ്ടാകും. ജലാംശം നഷ്ടപ്പെട്ട് ഒരുദിവസംകൊണ്ടുതന്നെ അവശനിലയിലാകും. നിർജലീകരണം വൃക്കയുടെ പ്രവർത്തനത്തെ താളംതെറ്റിക്കും. രോഗാണുക്കൾ ശരീരത്തിലെത്തിയാൽ ഒന്നുമുതൽ അഞ്ചു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. കുഞ്ഞുങ്ങളിലും വയോജനങ്ങളിലും പെട്ടെന്ന് മാരകമാകും.

kerala cholera