/kalakaumudi/media/media_files/2025/09/19/mad-2025-09-19-13-45-27.jpg)
ന്യൂഡല്‍ഹി: മദ്യം കൊണ്ട് ഒരു ഗുണവുമില്ലെന്ന് അറിഞ്ഞിട്ടും ആളുകള്‍ക്ക് എന്തുകൊണ്ടാണ് മദ്യത്തോട് ആസക്തി തോന്നുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്
സന്തോഷത്തെക്കാള്‍ കൂടുതല്‍ സമ്മര്‍ദവും സങ്കടവും മറക്കാനാണ് ആളുകള്‍ മദ്യപാനികളാകുന്നത് എന്നാണ് സ്‌ക്രിപ്‌സ് റിസര്‍ച്ച് ഗവേഷകരുടെ പുതിയ പഠനം പറയുന്നത്. തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗമാണ് ഇതിന് ഉത്തരവാദിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിലെ പാരവെന്‍ട്രിക്കുലാര്‍ ന്യൂക്ലിയസ് ഓഫ് തലാമസ് എന്ന ഭാഗമാണ് മദ്യത്തോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷവേളകളില്‍ കുടിച്ചുതുടങ്ങുന്നവരുടെ തലച്ചോറ് മദ്യത്തിന്റെ ലഹരിയെ ഒരു നല്ല അനുഭവമായി കണക്കാക്കും. പിന്നീട് സമ്മര്‍ദ്ദമോ സങ്കടമോ ഉണ്ടാകുമ്പോള്‍, തലച്ചോറിലെ പിവിടി ഭാഗം സജീവമാവുകയും മദ്യം ഈ സാഹചര്യത്തിന് ആശ്വാസം നല്‍കുമെന്ന ചിന്ത ഉണര്‍ത്തുകയും ചെയ്യും. ഇത് ഒരു ശക്തമായ ആസക്തിയായി വളരും. വേദനകളില്‍നിന്ന് രക്ഷപ്പെടാന്‍ മനുഷ്യര്‍ മദ്യത്തെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.
ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള വൈകല്യങ്ങള്‍ക്കും ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥകള്‍ക്കും പുതിയ ചികിത്സകള്‍ കണ്ടെത്താന്‍ ഈ കണ്ടുപിടുത്തങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. 'ബയോളജിക്കല്‍ സൈക്യാട്രി: ഗ്ലോബല്‍ ഓപ്പണ്‍ സയന്‍സ്' എന്ന ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.