/kalakaumudi/media/media_files/2026/01/05/pan2-2026-01-05-11-41-15.jpg)
നമ്മുടെ ആരോഗ്യം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുക ഹൃദയമോ കരളോ ശ്വാസകോശമോ ഒക്കെയാവാം. എന്നാല്‍, ശരീരം എത്ര വേഗത്തില്‍ വാര്‍ധക്യത്തിലേക്ക് നീങ്ങുന്നുവെന്ന് നിശ്ചയിക്കുന്നതില്‍ ഇവയൊന്നുമല്ല പ്രധാനിയെന്ന് വെളിപ്പെടുത്തുകയാണ് ആരോഗ്യ വിദഗ്ധനായ ഡോ.ശ്രദ്ധേയ് കത്യാര്‍. നമ്മുടെ ദീര്‍ഘായുസിനെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് പലപ്പോഴും നാം അവഗണിക്കുന്ന പാന്‍ക്രിയാസ് എന്ന അവയവമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
എന്തുകൊണ്ട് പാന്‍ക്രിയാസ്?
ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക, പഞ്ചസാരയുടെയും പ്രോട്ടീന്റെയും അളവ് ക്രമീകരിക്കുക, കോശങ്ങളിലെ വീക്കം തടയുക എന്നിവയാണ് പാന്‍ക്രിയാസിന്റെ പ്രധാന ചുമതലകള്‍. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുമ്പോള്‍ ശരീരം സാവധാനം തളരാന്‍ തുടങ്ങുന്നു. വിട്ടുമാറാത്ത വയര്‍ വീര്‍ക്കല്‍, മാനസികമായ മടുപ്പ്, അകാരണമായ ക്ഷീണം, ശരീരത്തിന് അനുഭവപ്പെടുന്ന ഭാരം എന്നിവയൊക്കെ ഇതിന്റെ സൂചനകളാണ്.
പാന്‍ക്രിയാസിനെ തളര്‍ത്തുന്ന ശീലങ്ങള്‍
പഞ്ചസാരയോ മദ്യമോ മാത്രമല്ല പാന്‍ക്രിയാസിന് വില്ലനാകുന്നത്. ഭക്ഷണക്രമത്തിലെ അച്ചടക്കമില്ലായ്മയാണ് ഏറ്റവും വലിയ ഭീഷണി. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് പാന്‍ക്രിയാസിനെ അമിതമായി ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ഈ അവയവത്തെ സമ്മര്‍ദത്തിലാക്കും. എപ്പോഴും എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്ന ശീലം ദഹനരസങ്ങള്‍ തുടര്‍ച്ചയായി ഉത്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിനെ നിര്‍ബന്ധിതമാക്കുന്നു. ഒരു ചെറിയ ബിസ്‌ക്കറ്റ് കഴിച്ചാല്‍ പോലും ഈ പ്രക്രിയ നടക്കുന്നു എന്നത് പലരും തിരിച്ചറിയുന്നില്ല.
പരിഹാരമാര്‍ഗങ്ങള്‍
പാന്‍ക്രിയാസിനെ പുനരുജ്ജീവിപ്പിക്കാന്‍ ചില ലളിതമായ ശീലങ്ങള്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൃത്യമായ സമയം: ഭക്ഷണം കഴിക്കുന്നതില്‍ കൃത്യമായ ഒരു സമയം നിലനിര്‍ത്തുക. ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കി ഓരോ നേരത്തെ ഭക്ഷണത്തിനും ഇടയില്‍ 3-4 മണിക്കൂര്‍ ഇടവേള നല്‍കുക.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്: രാത്രിയില്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ ആഹാരം കഴിക്കാതെ ശരീരത്തിന് വിശ്രമം നല്‍കുക. ഇത് പാന്‍ക്രിയാസിലെ കോശങ്ങള്‍ സ്വയം സുഖപ്പെടാന്‍ സഹായിക്കും.
ശ്രദ്ധയോടെയുള്ള ഭക്ഷണം: മൊബൈലോ ടിവിയോ നോക്കാതെ മനസിരുത്തി ഭക്ഷണം കഴിക്കുന്നത് ദഹനം സുഗമമാക്കും.
പാന്‍ക്രിയാസിനൊപ്പം തന്നെ ദീര്‍ഘായുസിന് മസിലുകളുടെ പങ്കും വളരെ വലുതാണ്. മസിലുകള്‍ വെറുമൊരു ശാരീരിക ഭംഗിയല്ല, മറിച്ച് ശരീരത്തിലെ മെറ്റബോളിസത്തെ സംരക്ഷിക്കുന്ന കവചമാണ്. മസിലുകള്‍ കുറയുന്നത് വാര്‍ധക്യത്തെ വേഗത്തിലാക്കുന്നു. കൊളസ്‌ട്രോള്‍ നിലയേക്കാള്‍ കൃത്യമായി ഒരാളുടെ ആയുസ് പ്രവചിക്കാന്‍ കാലിലെ മസിലുകളുടെ കരുത്തിന് സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ജിമ്മില്‍ പോയി മസില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ പ്രധാനം ദീര്‍ഘനേരം ഇരിക്കുന്നത് ഒഴിവാക്കുകയും കൃത്യമായ ഇടവേളകളില്‍ നടക്കുകയും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുകയും ചെയ്യുക എന്നതാണ്. പാന്‍ക്രിയാസിന്റെ ആരോഗ്യവും മസിലുകളുടെ കരുത്തും ഒരുമിച്ചു ചേരുമ്പോള്‍ ദീര്‍ഘായുസ് നിങ്ങളെ തേടിയെത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
