'ഹോര്‍ലിക്‌സ് ഇനി ഹെല്‍ത്തി ഡ്രിങ്ക് അല്ല'; വിശേഷണം മാറ്റി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്

ഫങ്ഷണല്‍ ന്യൂട്രിഷന്‍ ഡ്രിങ്ക്‌സ് (എഫ്എന്‍ഡി) എന്ന് പുനര്‍നാമകരണം ചെയ്തു

author-image
Sukumaran Mani
New Update
Horlicks

Horlicks

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹെല്‍ത്തി ഡ്രിങ്ക്‌സ് എന്ന് വിശേഷിപ്പിച്ചിരുന്ന ഹോര്‍ലിക്‌സിനെ ഫങ്ഷണല്‍ ന്യൂട്രിഷന്‍ ഡ്രിങ്ക്‌സ് (എഫ്എന്‍ഡി) എന്ന് പുനര്‍നാമകരണം ചെയ്ത് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച് യുഎല്‍). ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ഹെല്‍ത്തി ഡ്രിങ്ക്‌സ് വിഭാഗത്തില്‍ നിന്ന് പാനീയങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച്‌യുഎല്‍ ഹെല്‍ത്തി ഡ്രിങ്കുകളെ ഫങ്ഷണല്‍ ന്യൂട്രിഷന്‍ ഡ്രിങ്ക്‌സെന്ന പേരിലേക്ക് മാറ്റിയത്.

ഡയറി, ധാന്യങ്ങള്‍, മാള്‍ട്ട്(ഒരുതരം ധാന്യം) അധിഷ്ഠിത പാനീയങ്ങള്‍ എന്നിവയെ ഹെല്‍ത്ത് ഡ്രിങ്ക്‌സ് അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കാന്‍ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം എച്ച്‍യുഎലിന്റെ സാമ്പത്തിക മേധാവി റിതേഷ് തിവാരിയാണ് പുനര്‍നാമകരണം ചെയ്ത വിവരം അറിയിച്ചത്. ഫങ്ഷണല്‍ ന്യൂട്രിഷന്‍ പാനീയങ്ങള്‍ പ്രോട്ടീനിന്റെയും മൈക്രോന്യൂട്രിയന്റിന്റെയും അഭാവം കുറയ്ക്കുമെന്ന് എച്ച്‌യുഎല്‍ അവകാശപ്പെടുന്നു.

സസ്യം, മൃഗങ്ങള്‍, കടല്‍, സൂക്ഷ്മാണുക്കള്‍ എന്നിവയുടെ ഉറവിടത്തില്‍ നിന്നുമുള്ള ഏതെങ്കിലും ബയോആക്ടീവ് ഘടകങ്ങള്‍ നല്‍കുന്ന അമിതമായ ആരോഗ്യ ഗുണങ്ങള്‍ ഉള്‍പ്പെടുന്ന മദ്യമല്ലാത്ത പാനീയങ്ങളാണ് എഫ്എന്‍ഡി. അതേസമയം ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്‌സ് വിഭാഗത്തില്‍ നിന്നും നീക്കണമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഹോര്‍ലിക്‌സിലെയും ബോണ്‍വിറ്റയിലെയും ഉയര്‍ന്ന അളവിലുള്ള പഞ്ചസാര ആശങ്കയുയര്‍ത്തിയിരുന്നു. 2006ലെ ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം ഹെല്‍ത്ത് ഡ്രിങ്കിന് കൃത്യമായ നിര്‍വചനം നല്‍കിയിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ദേശീയ ബാലാവകാശ കമ്മീഷന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യ്ക്ക് പരാതി നല്‍കുകയായിരുന്നു.

ബോൺവിറ്റ ഉൾപ്പെടെയുള്ളവയെ 'ഹെൽത്ത് ഡ്രിങ്ക്' വിഭാഗത്തിൽനിന്ന് പിൻവലിക്കണമെന്ന് നേരത്തെ വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബോൺവിറ്റയിൽ അനുവദനീയമായതിലും കൂടുതൽ പഞ്ചസാരയുടെ അളവുള്ളതായായിരുന്നു ദേശീയ ശിശു അവകാശ സംരക്ഷണ കമ്മിഷനു (എൻസിപിസിആർ) കീഴിലുള്ള സമിതിയുടെ കണ്ടെത്തൽ.

horlicks Latest News Health News Hindustan Unilever