കോട്ടയം: സംസ്ഥാനത്ത് ഏഴുവർഷത്തിനിടെ ജനനനിരക്ക് കുറഞ്ഞത് 33.92 ശതമാനം. ആരോഗ്യവകുപ്പിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2018-2019-ൽ 4,84,556 കുട്ടികളാണ് ജനിച്ചത്. 2024-2025-ൽ 3,20,200. ഏഴുവർഷത്തിൽ 1,64,356 കുട്ടികളുടെ കുറവ്.
ഓരോവർഷവും വിവിധ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ജില്ലകളിൽ മലപ്പുറമാണ് മുന്നിൽ. 2018-2019-ൽ 91,344 കുട്ടികളും 2024-2025-ൽ 68,394 കുട്ടികളുമാണ് മലപ്പുറത്ത് ജനിച്ചത്. ഏറ്റവും കുറവ് പ്രസവം ഇടുക്കിയിലാണ്. 2018-2019-ൽ 11,370. 2024-2025-ൽ 7467. വീടുകളിൽ ജനിച്ച കുട്ടികൾ ഇതിലുൾപ്പെടില്ല.
ജനനനിരക്ക് കുറയാൻ ഇടയാക്കുന്ന ജൈവിക, സാമൂഹിക, സാമ്പത്തിക ഘടകങ്ങൾ പലതുണ്ടെന്ന് ഈ രംഗങ്ങളിലെ വിദഗ്ധർ പറയുന്നു. വൈകി വിവാഹിതരാകുന്ന ദമ്പതിമാർക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത കുറയും. സ്വാഭാവിക ഗർഭധാരണം നടക്കാത്തതിനാൽ ചികിത്സ തേടുന്ന ദമ്പതിമാരുടെ നിരക്ക് ഏറിയിട്ടുണ്ട്. ഗർഭച്ഛിദ്രങ്ങളും കൂടി.
വിവാഹം വേണ്ടെന്നുവെക്കുന്നവരുടെയും കുഞ്ഞുങ്ങൾ വേണ്ടെന്നുവെക്കുന്ന വിവാഹിതരുടെയും എണ്ണവും കൂടി. ഒറ്റക്കുട്ടി മതിയെന്ന് ചിന്തിക്കുന്ന ദമ്പതിമാരും ഏറെ.
വിദേശരാജ്യങ്ങളിലേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റമാണ് മറ്റൊരു ഘടകം. പലരും വിദേശത്തുതന്നെ കുടുംബജീവിതത്തിലേക്ക് കടക്കുന്നു. മടങ്ങിവരണമെന്നുള്ളവർപോലും കുട്ടികൾക്ക് വിദേശപൗരത്വവും സാമൂഹികസുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങളും പ്രതീക്ഷിച്ച് പ്രസവം വിദേശത്താക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പഠനങ്ങൾ നടന്നിട്ടില്ല.