/kalakaumudi/media/media_files/2025/02/13/kJADFok75tsOH8PGBdE4.jpg)
Rep. Img.
തിരുവനന്തപുരം: വാല്‍വ് ചുരുങ്ങി രക്തയോട്ടം കുറഞ്ഞ് ഗുരുതരാവസ്ഥയിലായ 19കാരി ഗര്‍ഭിണിക്ക് എസ്എടിയില്‍ ബലൂണ്‍ ശസ്ത്രക്രിയയിയിലൂടെ രക്ഷ. വാല്‍വ് ചുരുങ്ങിയതു മൂലം രക്തയോട്ടം തടസപ്പെട്ട് ഗുരുതരാവസ്ഥയിലാണ് തിരുവനന്തപുരം സ്വദേശിയായ 27 ആഴ്ച പൂര്‍ത്തിയായ ഗര്‍ഭിണി എസ്എടി ആശുപത്രിയിലെത്തിയത്.
സാധാരണ നിലയിലുള്ള നാലു മുതല്‍ ആറു സെന്റീമീറ്റര്‍ സ്‌ക്വയര്‍ വലിപ്പമുള്ള വാല്‍വിനു പകരം യുവതിയുടെ ഹൃദയവാല്‍വിന് 0.5 സെന്റീമീറ്റര്‍ സ്‌ക്വയര്‍ വലിപ്പം മാത്രമാണുണ്ടായിരുന്നത്. ഗൈനക്കോളജി -കാര്‍ഡിയോളജി-അനസ്‌തേഷ്യ വിഭാഗം മേധാവികള്‍ മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ച്‌നടത്തിയ അപൂര്‍വ ഹൃദയ ശസ്ത്രക്രിയയിലൂടെ പത്തൊമ്പതുകാരിയായ യുവതി ആരോഗ്യം വീണ്ടെടുത്തു. ബലൂണ്‍ മൈട്രല്‍ വാല്‍വോട്ടമി എന്ന താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭസ്ഥശിശുവിനും അമ്മയ്ക്കും ആരോഗ്യം വീണ്ടെടുക്കാനായത്.
വാല്‍വ് ചുരുക്കം മൂലം പള്‍മണറി എഡിമ എന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. അടിയന്തര ചികിത്സയിലൂടെ രോഗിയുടെ ആരോഗ്യ നില മെച്ചപ്പെടുത്തിയ ശേഷം ബലൂണ്‍ മൈട്രല്‍ വാല്‍വോട്ടമി ചികിത്സ വഴി ചുരുങ്ങിപ്പോയ വാല്‍വ് വികസിപ്പിച്ച് തടസം പൂര്‍ണമായി മാറ്റുകയും വാല്‍വിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയും ചെയ്തു.
ബലൂണ്‍ മൈട്രല്‍ വാല്‍വോട്ടമി ചികിത്സ ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷം വരാതെ റേഡിയേഷന്‍ സംരക്ഷണ ഉപാധികള്‍ വഴി ചെയ്യുന്നത് അത്യപൂര്‍വമാണെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു. വിവിധ സര്‍ക്കാര്‍ സ്‌കീം പ്രകാരം പൂര്‍ണമായും സൗജന്യമായാണ് ചികിത്സ നടത്തിയതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.