പണി മുടക്കി; ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്കരിച്ച് പിവിആർ

ഇതോടെ വ്യാഴാഴ്ച റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് മുടങ്ങിയത്.കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനമുണ്ടാകില്ല.

author-image
Greeshma Rakesh
New Update
pvr

pvr boycotts all malayalam movie bookings in theaters

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്കരിച്ച് പിവിആർ.വിഷുവിനോട് അനുബന്ധിച്ച് മലയാളത്തിൽ ഒട്ടേറെ സിനിമകൾ റിലീസിനിരിക്കെയാണ് അപ്രതീക്ഷിത ബഹിഷ്കരണം.ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കമാണ് പിവിആറിന്റെ തീരുമാനത്തിന് പിന്നിൽ.ഫോറം മാളിൽ ആരംഭിച്ച പുതിയ പിവിആർ–ഐനോക്സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല.ഇതോടെ വ്യാഴാഴ്ച റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനമുണ്ടാകില്ല.

നിർമാണം പൂർത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാൽ ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റിന് തുടക്കമിട്ടിരുന്നു.

പുതിയതായി നിർമിക്കുന്ന തിയേറ്ററുകളിൽ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. തിയേറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയേറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമാതാക്കളുടെ കയ്യിൽനിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയേറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിർമാതാക്കളുടെ സംഘടന ഒന്നടങ്കം ചോദിക്കുന്നത്.

പിവിആർ അടക്കമുള്ള മൾട്ടിപ്ലക്സ് തിയേറ്ററുകൾ ഇന്ത്യ മുഴുവൻ ആശ്രയിക്കുന്നത് ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരെയാണ്. ഫോറം മാളിൽ പിവിആർ തുടങ്ങിയ പുതിയ തിയേറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാൻ സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. കൊച്ചിയിൽ ഇരു സംഘടനകളും ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. മലയാളം സിനിമ ഇൻഡസ്ട്രിക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന നടപടിയാണ് പിവിആറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

 

theatre movie news varshangalkku shesham Mollywood Latest News Aavesham Movie