yash joins ranbir kapoors ramayana as coproducer
ഇതിഹാസകാവ്യമായ രാമായണം സിനിമയാകുന്നു. രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കന്നഡ സൂപ്പർസ്റ്റാർ യഷിന്റെ ഉടമസ്ഥതയിലുള്ള മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ഒന്നിച്ചാകും ചിത്രം നിർമിക്കുക. ബജറ്റ് 700 കോടിക്കു മുകളിലാണ് ചിത്രത്തിന്റെ മുതൽമുടക്ക്. സൂപ്പർഹിറ്റ് ചിത്രങ്ങളായ ദംഗൽ, ചിച്ചോർ എന്നിവയുടെ സംവിധായകൻ നിതീഷ് തിവാരിയാണ് രാമായണത്തിന്റെ സംവിധായകൻ.
രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരുൾപ്പെടെ ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും.ഏപ്രിൽ 17 ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. രൺബീർ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും സണ്ണി ഡിയോൾ ഹനുമാനെയും അവതരിപ്പിക്കും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.അതെസമയം യഷ് സിനിമയിൽ ഏത് വേഷത്തിലാണെത്തുന്നതെന്ന് പുറത്തുവിട്ടിട്ടില്ല.
.
ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രാമായണക്കഥ അതിന്റെ എല്ലാ സത്യസന്ധതയോടുംകൂടി ലോക ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിറവേറ്റാൻ പങ്കാളിയായി ഇന്ത്യൻ സിനിമയുടെ മുഖമായി മാറിക്കഴിഞ്ഞ യഷിനെ തന്നെ ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് നിർമാതാവ് നമിത് മൽഹോത്ര പ്രതികരിച്ചു. ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്ക് എത്തിക്കുന്ന സിനിമ നിർമിക്കുകയെന്നത് തന്റെ ജീവിതാഭിലാഷമാണെന്നും അതിന് ലോകത്തെ തന്നെ മികച്ച വിഎഫ്എക്‌സ് സ്റ്റുഡിയോയുമായി സഹകരിക്കാനാകുന്നതിൽ അത്യധികമായ സന്തോഷമുണ്ടെന്ന് യഷ് വ്യക്തമാക്കി.മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. 2025 ദീപാവലി റിലീസിനായി ആദ്യ ഭാഗം തിയറ്ററുകളിലെത്തും.