/kalakaumudi/media/media_files/2024/11/06/4JIj6ZIV0zWVHsmrHe98.jpg)
ഒന്നാം ഇന്നിങ്സിൽ ജമ്മുകശ്മിരിന് എതിരെ പൊരുതി നേടിയ ഒരു റൺ ലീഡ്. ആ ഒരു റൺ ലീഡിന്റേയും അഞ്ചാം ദിനം സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പിന്റേയും ബലത്തിൽ രഞ്ജി ട്രോഫി സെമി ഫൈനലിൽ കടന്ന് കേരളം. ഇത് രണ്ടാം തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ എത്തുന്നത്. രണ്ട് ഇന്നിങ്സിലുമായി എംഡി നിധീഷ് 10 വിക്കറ്റ് വീഴ്ത്തി. സൽമാൻ നിസാറാണ് കളിയിലെ താരം. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 എന്ന നിലയിലാണ് കേരളം നാലാം ദിനം അവസാനിപ്പിച്ചത്. എന്നാൽ 180-6 എന്ന നിലയിലേക്ക് അഞ്ചാം ദിനം കേരളത്തെ വീഴ്ത്താൻ ജമ്മു കശ്മീർ ബോളർമാർക്കായി. പക്ഷേ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് പ്രതിരോധ കോട്ട കെട്ടി ജമ്മു ബോളർമാരെ ക്ഷീണിപ്പിച്ചു. 162 പന്തുകൾ നേരിട്ട് സൽമാൻ നിസാർ 44 റൺസോടെയുടം 117 പന്തുകൾ നേരിട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ 67 റൺസോടെയും പുറത്താവാതെ നിന്നു. 162 പന്തുകൾ നേരിട്ട് 48 റൺസ് എടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടേയും 183 പന്തുകൾ നേരിട്ട് 48 റൺസ് എടുത്ത അക്ഷയ് ചന്ദ്രന്റേയും ഇന്നിങ്സുകൾ ഓൾഔട്ട് ആവുന്നതിൽ നിന്ന് കേരളത്തെ രക്ഷിച്ചു.