വിന്‍ഡീസിനെതിരേ 115 റണ്‍സ് ജയം; ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര

ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് അടിച്ചുകൂട്ടി. ഹര്‍ലീന്‍ ഡിയോളിന്റെ (103 പന്തില്‍ 115) സെഞ്ചുറിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

author-image
Prana
New Update
india women

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. രണ്ടാം ഏകദിനത്തില്‍ 115 റണ്‍സിനോട് ജയിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കിയത്. ഗുജറാത്തിലെ വഡോദര കൊടാംബി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് അടിച്ചുകൂട്ടി. ഹര്‍ലീന്‍ ഡിയോളിന്റെ (103 പന്തില്‍ 115) സെഞ്ചുറിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പ്രതിക റാവല്‍ (76), ജമീമ റോഡ്രിഗസ് (52), സ്മൃതി മന്ദാന (53) എന്നിവരുടെ ഇന്നിംഗ്‌സുകളും അടിത്തറയിട്ടു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 46.2 ഓവറില്‍ 243ന് എല്ലാവരും പുറത്തായി. പ്രിയ മിശ്ര മൂന്ന് വിക്കറ്റ് നേടി.
106 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് ഒഴികെ മറ്റാരും വിന്‍ഡീസ് നിരയില്‍ തിളങ്ങിയിരുന്നില്ല. ഷെമെയ്ന്‍ കാംപെല്‍ 38 റണ്‍സെടുത്തു. ക്വിന ജോസഫ് (15), നെരിസ ക്രാഫ്റ്റണ്‍ (13), റഷാദ വില്യംസ് (0), ഡിയേന്ദ്ര ഡോട്ടിന്‍ (10), ആലിയ അല്ലെയ്‌നെ (0), സെയ്ദാ ജെയിംസ് (25), അഫി ഫ്‌ളെച്ചര്‍ (22), കരിഷ്മ റാംഹരാക്ക് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷമിലിയ കോന്നെല്‍ (4) പുറത്താവാതെ നിന്നു. ദീപ്തി ശര്‍മ, തിദാസ് സധു, പ്രതിക റാവല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന  പ്രതിക സഖ്യം 110 റണ്‍സാണ് കൂട്ടിചേര്‍ത്തത്. നിര്‍ഭാഗ്യവശാല്‍ മന്ദാന റണ്ണൗട്ടായി. വലിയ ആത്മവിശ്വാസത്തില്‍ കളിച്ച താരത്തിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമുണ്ടായിരുന്നു. പിന്നാലെ ഹര്‍ലീന്‍, പ്രതികയ്‌ക്കൊപ്പം ചേര്‍ന്നു. ഇരുവരും മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. 62 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. അര്‍ഹിച്ച സെഞ്ചുറിയിലേക്ക് നീങ്ങവെ പ്രതികയെ സെയ്ദ ജെയിംസ് മടക്കി. 86 പന്തില്‍ ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടെയാണ് 20കാരി 76 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (22) പെട്ടന്ന് മടങ്ങിയെങ്കിലും ജമീമയുടെ ഇന്നിംഗ്‌സ് ടീമിന് ഗുണം ചെയ്തു.
ജമീമ  ഹര്‍ലീന്‍ സഖ്യം 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 48ാം  ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഹര്‍ലീന്‍ പുറത്താവുകയായിരുന്നു. 16 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത ഓവറില്‍ ജമീമ മടങ്ങി. 36 പന്തില്‍ 52 റണ്‍സ് നേടിയ ജമീമ ഒരു സിക്‌സും ആറ് ഫോറും നേടി. റിച്ചാ ഘോഷ് (13), ദീപ്തി ശര്‍മ (4) പുറത്താവാതെ നിന്നു.

West Indies Indian Cricket Team India vs West Indies Indian Women Cricket