/kalakaumudi/media/media_files/2025/06/27/india-bids-2036-olympics-2025-06-27-18-43-12.webp)
india-bids-2036-olympics
ന്യൂഡല്‍ഹി: 2036-ലെ ഒളിമ്പിക്സ് വേദി സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. വേദിയുടെ തിരഞ്ഞെടുപ്പ് ഉചിതമായ സമയത്ത് നടത്തുമെന്ന് ഐഒസിയുടെ പുതിയ പ്രസിഡന്റ് ക്രിസ്റ്റി കോവെന്‍ട്രി പറഞ്ഞു. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കിടെയാണ് ഐഒസിയുടെ നീക്കം.
2028, 2032 വര്‍ഷങ്ങളില്‍ നിശ്ചയിക്കപ്പെട്ട വേദികളുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തുമെന്നും അതിന് ശേഷമായിരിക്കും 2036 ഒളിമ്പിക്സ് വേദിയെക്കുറിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നും ഐഒസി പ്രസിഡന്റ് പറഞ്ഞു. 2028 ഒളിമ്പിക്സിന് ലോസ് ആഞ്ജലിസും 2032 ഒളിമ്പിക്സിന് ബ്രിസ്ബെയ്നുമാണ് വേദി. 2030 വിന്റര്‍ ഒളിമ്പിക്സിന് ഫ്രഞ്ച് ആല്‍പ്സാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. വേദിയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ഒളിമ്പിക്‌സ് വേദിയാകാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. മെക്സിക്കോ (മെക്സിക്കോ സിറ്റി), ഇന്‍ഡൊനീഷ്യ (നുസന്താര), തുര്‍ക്കി (ഇസ്താംബുള്‍), പോളണ്ട് (വാര്‍സോ, ക്രാക്കോ), ഈജിപ്ത്, ദക്ഷിണ കൊറിയ (സിയോള്‍-ഇഞ്ചിയോണ്‍) എന്നീ രാജ്യങ്ങളാണ് വേദിക്കായി രംഗത്തുള്ളത്. 2032 ഒളിമ്പിക്‌സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 2036 ഒളിമ്പിക്സിന് വേദിയാകാനുള്ള താത്പര്യം ഇന്ത്യ അറിയിച്ചത്.
ഒളിമ്പിക്സ് ആതിഥേയത്വത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടക്കുന്ന കായികമേളകളുടെ നിലവാരം ഉയര്‍ത്തണമെന്ന് കായികമന്ത്രാലയം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, ഇന്ത്യന്‍ പാരലിമ്പിക് കമ്മിറ്റി, ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ എന്നിവയ്ക്കാണ് കായികമന്ത്രാലയം നിര്‍ദേശംനല്‍കിയത്. മത്സരങ്ങളില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മാനദണ്ഡമനുസരിച്ചുള്ള നിലവാരവും സൗകര്യങ്ങളും ഉറപ്പാക്കണം. വരുംവര്‍ഷത്തേക്കുള്ള കായിക കലണ്ടര്‍ ഡിസംബറില്‍ത്തന്നെ പ്രസിദ്ധീകരിക്കണം, ആറുമാസംമുന്‍പുതന്നെ മത്സരാര്‍ഥികള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ നിര്‍ദേശംനല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്.