/kalakaumudi/media/media_files/2025/09/28/jayesh-2025-09-28-14-20-56.jpg)
​മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി നേതൃത്വം.
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്.
ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയർമാൻ എന്ന ചുമതല കൂടിയാണ് ജയേഷ് ജോർജ് സ്വന്തമാക്കുന്നത്.
​എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്.
പിന്നീട് കെസിഎയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ച് കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകി.
2019-ൽ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോൾ ദേശീയ തലത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2022 മുതൽ കെസിഎ പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു.
​മികച്ച സംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ജയേഷ് ജോർജ്. കേരളത്തിൽ വലിയ ആവേശമായി മാറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ആരംഭിക്കുന്നതിന് മുൻകൈ എടുത്തവരിൽ പ്രമുഖനാണ് അദ്ദേഹം.
ലീഗിന്റെ വിജയകരമായ രണ്ട് സീസണുകൾക്ക് പിന്നിലും അദ്ദേഹത്തിന്റെ സംഘാടക മികവ് നിർണായകമായിരുന്നു. ഈ ഭരണമികവും കായികരംഗത്തെ ദീർഘകാലത്തെ അനുഭവസമ്പത്തും ഡബ്ല്യുപിഎല്ലിന്റെ സുഗമമായ നടത്തിപ്പിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
