സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയക്കെതിരായ മത്സരത്തില്‍ വെറും 28 പന്തില്‍ സെഞ്ചുറിയടിച്ച് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പമെത്താന്‍ അഭിഷേകിനായി. നിലവില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസന്റെ ഓപ്പണിങ് പങ്കാളിയായ അഭിഷേക് ഐപിഎലിനു മുന്‍പ് ഫോമിലായത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും സന്തോഷകരമായി.
മത്സരത്തില്‍ പഞ്ചാബിനെ നയിച്ച അഭിഷേക് 29 പന്തില്‍ നിന്ന് 11 സിക്‌സും എട്ട് ഫോറുമടക്കം 106 റണ്‍സോടെ പുറത്താകാതെ നിന്നു. അഭിഷേകിന്റെ വെടിക്കെട്ട് മികവില്‍ മേഘാലയ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം വെറും 57 പന്തില്‍ പഞ്ചാബ് അടിച്ചെടുത്തു. വ്യാഴാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട്. 365.52 സ്‌െ്രെടക്ക് റേറ്റിലായിരുന്നു അഭിഷേകിന്റെ ബാറ്റിങ്. നേരത്തേ ഇതേ ടൂര്‍ണമെന്റില്‍ ത്രിപുരയ്‌ക്കെതിരേ 28 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ഗുജറാത്തിന്റെ ഉര്‍വിന്‍ പട്ടേലിന്റെ റെക്കോഡിനൊപ്പമാണ് അഭിഷേക് എത്തിയത്.
2018ല്‍ ഹിമാചല്‍പ്രദേശിനെതിരേ 32 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം ഋഷഭ് പന്തായിരുന്നു നേരത്തേ ഈ റെക്കോഡിന് ഉടമ. ഇതാണ് ആദ്യം ഉര്‍വിന്‍ പട്ടേല്‍ തിരുത്തിയത്. ഇപ്പോഴിതാ അഭിഷേക് ആ റെക്കോഡിന് ഒപ്പമെത്തുകയും ചെയ്തു.
അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യയ്ക്കായും സെഞ്ചുറി നേടിയിട്ടുള്ള താരമാണ് അഭിഷേക്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വെറും 16 പന്തില്‍ നിന്ന് 50 തികച്ച അഭിഷേക്, ഏറ്റവും വേഗമേറിയ ഐപിഎല്‍ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.