shalini ajith kumar and son aadvik
മാഡ്രിഡ്: ലോക ഫുട്ബാളിലെ മികച്ച താരങ്ങളെ അണിനിരത്തിയും കിരീട നേട്ടങ്ങളിലൂടെയും ലോകത്ത് ഏറ്റവും കൂടുതൽ ആരാധക​രെ സമ്പാദിച്ച ക്ലബുകളിലൊന്നാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്.കഴിഞ്ഞ ദിവസം ലാലിഗയിൽ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡ് വിയ്യാറയലിനെ എതിരിടുമ്പോൾ മത്സരത്തിന് സാക്ഷിയാവാൻ ഇന്ത്യയിൽനിന്ന് ആരാധികയായ മലയാളിയുടെ പ്രിയ നടി ശാലിനിയും മകൻ ആദ്‍വിക്കിനൊപ്പം എത്തിയിരുന്നു.
‘വാക്കുകൾക്കപ്പുറം’ എന്ന കുറിപ്പോടെ റയൽ മാഡ്രിഡ് ജഴ്സിയണിഞ്ഞ് ഇരുവരും ഗാലറിയിൽ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘എന്തൊരു അന്തരീക്ഷം! ബെർണബ്യൂവിന്റെ ഊർജം അനുഭവപ്പെടുന്നു’ എന്ന കുറിപ്പോടെ മറ്റൊരു ചിത്രവും ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. റയൽ മാഡ്രിഡിനെ പിന്തുണച്ചുള്ള കമന്റുകൾക്കൊപ്പം ഭർത്താവും തമിഴിലെ സൂപ്പർ താരവുമായ അജിത് കുമാർ എവിടെയെന്ന അന്വേഷണവും ആരാധകരുടേതായുണ്ട്.
കടുത്ത ഫുട്ബാൾ ആരാധകനും കളിക്കാരനുമാണ് അജിത്-ശാലിനി ദമ്പതികളുടെ മകനായ ആദ്‍വിക്. ചെന്നൈയിൽ നടന്ന ജൂനിയർ ഫുട്ബാൾ ടൂർണമെന്റിൽ സ്വർണമെഡൽ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ​സ്വന്തമാക്കിയിട്ടുണ്ട്.മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ മാഡ്രിഡ് ജയിച്ചുകയറിയത്. 14ാം മിനിറ്റിൽ ഫെഡറികോ വാൽവെർഡെയും 73ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുമാണ് അവർക്കായി ഗോളുകൾ നേടിയത്.