/kalakaumudi/media/media_files/2025/06/23/ind-womens-team-2025-06-23-20-25-34.jpg)
ind womens team
ചിയാങ് മായ് (തായ്ലന്‍ഡ്): എഎഫ്‌സി ഏഷ്യന്‍ കപ്പ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്കു വിജയത്തുടക്കം. റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള മംഗോളിയയെ ഇന്ത്യ 13-0ന് കീഴടക്കി. മലയാളി താരം പി. മാളവിക ഉള്‍പ്പെടെയുള്ളവര്‍ ഗോളടിച്ച തിളങ്ങിയ മത്സരം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു . 5 ഗോളുകളുമായി കളംനിറഞ്ഞ ഒഡീഷ എഫ്‌സി താരം പ്യാരി ഖാഖയാണ് കളിയിലെ താരം. സൗമ്യ ഗുഗുലോത്ത്, പ്രിയദര്‍ശിനി എന്നിവര്‍ 2 ഗോള്‍ വീതവും നേടി. 4 മാസത്തിനിടെഇന്ത്യന്‍ വനിതാ ടീമിന്റെആദ്യ വിജയമാണിത്. ഈ വര്‍ഷമാദ്യം നടന്ന പിങ്ക് ലേഡീസ് കപ്പില്‍ ജോര്‍ദാനെതിരെയായിരുന്നു ഇന്ത്യയുടെ ഒടുവിലത്തെ വിജയം.
700-ാം വാര്‍ഷികം ആഘോഷിക്കുന്ന ചിയാങ് മായ് സ്റ്റേഡിയത്തില്‍, എട്ടാം മിനിറ്റില്‍ ഇന്ത്യ സ്‌കോര്‍ബോര്‍ഡ് തുറന്നു. സംഗീത ബസ്‌ഫോറാണ് ആദ്യ ഗോള്‍ നേടിയത്. 20-ാം മിനിറ്റില്‍ സൗമ്യ ഗുഗുലോത്തിന്റെ ഗോളില്‍ ഇന്ത്യ 2-0ന് മുന്നില്‍. 29-ാം മിനിറ്റില്‍ പ്യാരി ഖാഖയുടെ ആദ്യ ഗോള്‍. പിന്നീട് 45, 46, 52, 55 മിനിറ്റുകളിലും പ്യാരി ഖാഖ ലക്ഷ്യം കണ്ടു. 59-ാം മിനിറ്റില്‍ സൗമ്യ ഗുഗുലോത്തിന്റെ രണ്ടാം ഗോളില്‍ ഇന്ത്യ 8-0ന് മുന്നില്‍. 67-ാം മിനിറ്റില്‍ റിംപ ഹല്‍ദാര്‍, 71-ാം മിനിറ്റില്‍ പി. മാളവിക, 73, 86 മിനിറ്റുകളില്‍ പ്രിയദര്‍ശിനി, 75-ാം മിനിറ്റില്‍ ഡാങ്‌മെയി ഗ്രേസ് എന്നിവരും ഇന്ത്യയ്ക്കായി ഗോള്‍ നേടി. ഇതേ വേദിയില്‍, 29ന് തീമോര്‍ ലെഷ്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
22-ാം നമ്പര്‍ ജഴ്‌സിയില്‍, മംഗോളിയയ്‌ക്കെതിരായ മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് മാളവിക കളത്തിലിറങ്ങിയത്. ഗ്രൗണ്ടില്‍ ഇറങ്ങി 7-ാം മിനിറ്റില്‍ മാളവിക ലക്ഷ്യം കണ്ടു. മംഗോളിയന്‍ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചില്‍ മുതലാക്കി കിരണ്‍ പസ്ദ ബോക്‌സിലുണ്ടായിരുന്ന മാളവികയ്ക്കു പാസ് നല്‍കി. ഗോളി മുന്നോട്ടു കയറിയതിനാല്‍ കാവലില്ലാതിരുന്ന പോസ്റ്റിലേക്ക് മാളവികയുടെ ഷോട്ട് . 75-ാം മിനിറ്റില്‍ ഡാങ്‌മെയി ഗ്രേസിന്റെ ഗോളിനു വഴിയൊരുക്കിയതും മാളവികയായിരുന്നു. 1999നുശേഷം ആദ്യമായി ഇന്ത്യന്‍ വനിതാ സീനിയര്‍ ടീമിലെത്തിയ മലയാളി എന്ന ഖ്യാതിയോടെ മത്സരത്തിനിറങ്ങിയ കാസര്‍കോട് ബങ്കളം സ്വദേശി മാളവികയ്ക്കു ഇത് സ്വപ്നസാഫല്യം.