ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെ നേടാനായുള്ളു

author-image
Biju
New Update
pak 2

ഷാര്‍ജ: ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി. ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് പാകിസ്ഥാനെ 18 റണ്‍സിന് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെ നേടാനായുള്ളു. പത്താമനായി ക്രീസിലെത്തി ആഞ്ഞടിച്ച് 16 പന്തില്‍ 34 റണ്‍സെടുത്ത ഹാരിസ് റൗഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ സയ്യിം അയൂബിനെ നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ അയൂബിനെ ഫസല്‍ഹഖ് ഫാറൂഖി മടക്കി. ഷാഹിബ്സാദാ ഫര്‍ഹാനും (13 പന്തില്‍ 18) ഫഖര്‍ സമനും(18 പന്തില്‍ 25) ചേര്‍ന്ന് കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ 29ല്‍ നില്‍ക്കെ ഫര്‍ഹാനെ ഫസല്‍ഹഖ് ഫാറൂഖി തന്നെ മടക്കി. 

ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും ഫഖറും ചേര്‍ന്നുള്ള കൂട്ടുകെട്ട് പാകിസ്ഥാനെ 50 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ഫഖറിനെ മുഹമ്മദ് നബി പുറത്താക്കുകയും സല്‍മാന് ആഗ(15 പന്തില്‍ 20) റണ്ണൗട്ടാവുകയും ചെയ്തതോടെ പാകിസ്ഥാന്‍ 75-4 എന്ന സ്‌കോറില്‍ പതറി. ഇതോടെ കനത്ത പ്രതിരോധത്തിലായ പാക് മധ്യനിരക്ക് സ്‌കോറിംഗ് നിരക്ക് ഉര്‍ത്താനായില്ല.

ഹസന്‍ നവാസ്(12 പന്തില്‍ 9), മുഹമ്മദ് നവാസ്(16 പന്തില്‍ 12), മുഹമ്മദ് ഹാരിസ്(4 പന്തില്‍ 1), ഫഹീം അഷ്‌റഫ്(18 പന്തില്‍ 14) എന്നിവരെ അഫ്ഗാന്‍ സ്പിന്നര്‍മാരായ ക്യാപ്റ്റന്‍ റാഷിദ് ഖാനും മുഹമ്മദ് നബിയും നൂര്‍ അഹമ്മദും ചേര്‍ന്ന് വരിഞ്ഞുകെട്ടിയതോടെ പാകിസ്ഥാന്‍ 111-9ലേക്ക് കൂപ്പുകുത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാരിസ് റൗഫാണ്(16 പന്തില്‍ 34) പാകിസ്ഥാന്റെ തോല്‍വിഭാരം കുറച്ചത്. 

ഹാരിസ് റൗഫും പതിനൊന്നാമനായി ക്രീസിലിറങ്ങിയ ഫഹീം അഷ്‌റഫും(3) ചേര്‍ന്ന് അവസാന വിക്കറ്റില്‍ 40 റണ്‍സ് എടുത്തു. ടി20 ക്രിക്കറ്റില്‍ പാകിസ്ഥാന്റെ ഉയര്‍ന്ന പത്താം വിക്കറ്റ് കൂട്ടകെട്ടാണിത്. അഫ്ഗാനിസ്ഥാനുവേണ്ടി ഫസല്‍ഹഖ് ഫാറൂഖിയും നൂര് അഹമ്മദും മുഹമ്മദ് നബിയും ക്യാപ്റ്റന്‍ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും സേദിഖുള്ള അടലിന്റെയും(45 പന്തില്‍ 64) ഇബ്രാഹിം സര്‍ദ്രാന്റെയും45 പന്തില്‍ 65) അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്. പാകിസ്ഥാനുവേണ്ടി ഫഹീം അഷ്‌റഫ് നാലു വിക്കറ്റ് വീഴ്ത്തി.