അഫ്ഗാനിസ്ഥാന് പകരം സിംബാബ്വെയെ കളിപ്പിക്കാന്‍ പിസിബി

അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിമേഖലകളില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളില്‍ പ്രാദേശിക ക്രിക്കറ്റ് കളിക്കാര്‍ ഉള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.

author-image
Biju
New Update
pcb

കാബൂള്‍: പാക്കിസ്ഥാന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ 3 പ്രാദേശിക ക്രിക്കറ്റ് കളിക്കാര്‍ മരിച്ചത് സുഹൃത്തിന്റെ വീട്ടില്‍ അത്താഴവിരുന്നിന് ഒന്നിച്ചപ്പോഴെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാക്കിസ്ഥാന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളും പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷരണയില്‍ ഒരു സൗഹൃദ മത്സരത്തിന് എത്തിയതായിരുന്നു. മത്സരശേഷം ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് അത്താഴത്തിന് പോയി. ഇവിടെ ഒത്തുകൂടിയപ്പോഴാണ് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്. ഉര്‍ഗുന്‍ ജില്ലയില്‍നിന്നുള്ള കബീര്‍, സിബ്ഗത്തുല്ല, ഹാറൂണ്‍ എന്നീ പ്രാദേശിക കളിക്കാരാണു കൊല്ലപ്പെട്ടത്.

''ചില സുഹൃത്തുക്കളും അവരോടൊപ്പം ഭക്ഷണത്തിനായി ചേരേണ്ടതായിരുന്നു, പക്ഷേ കളി കഴിഞ്ഞ് ക്ഷീണിതരായതിനാല്‍ അവര്‍ പോയില്ല എന്നാണ് വിവരം. അവിടെ ഒത്തുകൂടിയവരില്‍ മൂന്നു പേരാണ് അവസാന അത്താഴം കഴിക്കുന്നതിന് മുന്‍പു തന്നെ മരിച്ചത്. ആതിഥേയനായ താരത്തിന് പരുക്കേറ്റു. ഇരുട്ട് വീഴുന്നതിന് വളരെ മുന്‍പാണ് സ്ഥലം ആക്രമിക്കപ്പെട്ടത്. മൂന്നു ഘട്ടമായിട്ടായിരുന്നു ആക്രമണം.'' ദുരന്തത്തെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം പറഞ്ഞു

അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിമേഖലകളില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളില്‍ പ്രാദേശിക ക്രിക്കറ്റ് കളിക്കാര്‍ ഉള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ അടുത്ത മാസത്തെ ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍നിന്നു അഫ്ഗാനിസ്ഥാന്‍ പിന്മാറി. പാക്കിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ടതായിരുന്നു പരമ്പര.കൊല്ലപ്പെട്ട താരങ്ങളുടെ പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അഫ്ഗാനിസ്ഥാനു പകരം സിംബാബ്‌വെയെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചിരുന്നു.

ക്രിക്കറ്റ് താരങ്ങള്‍ മരിച്ചതില്‍ രാജ്യാന്തര ക്രിക്കറ്റ് ബോര്‍ഡ് (ഐസിസി) അനുശോചനം രേഖപ്പെടുത്തിയതിനെ വിമര്‍ശിച്ച് പാക്ക് മന്ത്രി രംഗത്തെത്തിയിരുന്നു. പക്ഷപാതപരമായാണ് ഐസിസി പെരുമാറിയതെന്ന് പാക്ക് ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അഠാ തരാര്‍ കുറ്റപ്പെടുത്തി. ക്രിക്കറ്റ് താരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഐസിസിയുടെ ബിസിസിഐയും ശനിയാഴ്ച പ്രസ്താവന പുറത്തിറക്കിയിരുന്നു. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു പ്രസ്താവന.