afghanistans star cricketer rashid khan and his three brother got married at same day in kabul
കാബുൾ: അഫ്ഗാനിസ്ഥാൻ സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ വിവാഹിതനായി. അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയ ശേഷമേ വിവാഹമുള്ളു എന്നേ 4 വർഷം മുമ്പ് പറഞ്ഞ വാക്ക് തെറ്റിച്ചാണ് താരത്തിന്റെ വിവാഹം. ഇന്നലെയാണ് വിവാഹം നടന്നത്. അഫ്ഗാൻ ടീമിലെ റാഷിദിന്റെ സഹ താരങ്ങൾ ഉൾപ്പെടെയുള്ളവർ വിവാഹ വിരുന്നിൽ പങ്കെടുത്തു. വിവാഹ വസ്ത്രം ധരിച്ചു നിൽക്കുന്ന റാഷിദിന്റെ ചിത്രങ്ങളും സഹ താരങ്ങൾക്കൊപ്പമുള്ള ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഫ്ഗാൻ തലസ്ഥാനമായ കാബുളിലാണ് റാഷിദിന്റെ വിവാഹച്ചടങ്ങുകൾ നടന്നത്. താരത്തിനൊപ്പം മൂന്ന് സഹോദരങ്ങളും ഒരേ വേദിയിൽ തന്നെ വിവാഹിതരായി. ആമിർ ഖലീൽ, സക്കീയുള്ള, റാസ ഖാൻ എന്നിവരാണ് റാഷിദിനൊപ്പം വിവാഹിതരായ സഹോദരങ്ങൾ. പഷ്തൂൺ ആചരമനുസരിച്ചായിരുന്നു ചടങ്ങുകൾ.
മുൻപ് ആസാദി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം അഫ്ഗാൻ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കുവെന്നു പ്രഖ്യാപിച്ചത്. അഫ്ഗാൻ പക്ഷേ ലോകകപ്പ് നേടിയില്ല. എന്നാൽ ഏത് കൊല കൊമ്പൻ ടീമിനേയും വീഴ്ത്താൻ പോന്ന കരുത്തുമായാണ് അവർ നിലവിൽ കളിക്കുന്നത്. അതിൽ റാഷിദിന് നിർണായക പങ്കുമുണ്ട്.