/kalakaumudi/media/media_files/2025/12/30/penaly-2025-12-30-08-11-33.jpg)
യമുസുക്രോ: നൈജീരിയയെ കഴിഞ്ഞ വര്‍ഷം ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ഐവറി കോസ്റ്റ് ആഫ്രിക്കയുടെ രാജാക്കന്മാരായത്. കിരീടം നിലനിര്‍ത്താനായി ഇറങ്ങിയ 'കൊമ്പന്മാര്‍' മൊസാംബിക്കിനെ തോല്‍പ്പിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അമദ് ദിയാലോയുടെ ഗോള്‍ ബലത്തില്‍. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍ 57ാം സ്ഥാനത്തുള്ള കാമറൂണുമായി ഐവറി കോസ്റ്റ് സമനിലയില്‍ പിരിഞ്ഞപ്പോള്‍ അമദില്‍ നിന്ന് വന്നത് ഉജ്വല ഗോള്‍.
അമദിന്റെ ലോങ് റേഞ്ച് കര്‍ലിങ് ഷോട്ട് ആണ് ടൂര്‍ണമെന്റിലെ മറ്റൊരു ഫേവറിറ്റുകളായ കാമറൂണിനെതിരായ തോല്‍വി ഒഴിവാക്കിയത്. ഐവറികോസ്റ്റിന് ജയിക്കാമായിരുന്ന മത്സരത്തില്‍ ഗിസ്ലെയ്ന്‍ കൊനാനില്‍ നിന്ന് വന്ന ഓണ്‍ ഗോള്‍ ആണ് തിരിച്ചടിയായത്. ജൂനിയര്‍ ചമാദ്യു തൊടുത്ത ഷോട്ട് ഗിസ്ലെയ്ന്‍ കോനന്റെ ശരീരത്തില്‍ തട്ടി ഡിഫ്‌ലെക്ഷനിലൂടെ വലയില്‍ കയറുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബായോ നല്‍കിയ പാസ് ഫ്രാങ്ക് കെസ്സി അക്രോബാറ്റിക് ഫിനിഷിലൂടെ ലക്ഷ്യത്തിലെത്തിച്ചിരുന്നു. എന്നാല്‍ ഐവറി കോസ്റ്റിന്റെ 'മിഡ്ഫീല്‍ഡ് ജനറല്‍' ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്ന് റഫറി വിധിച്ചതോടെ ആ ഗോള്‍ അനുവദിക്കപ്പെട്ടില്ല.
ഇരു ടീമുകളും കൂടുതല്‍ കരുത്തോടെ ഗോള്‍ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നപ്പോള്‍ കാമറൂണ്‍ താരം ഡാനി നമാസോയുടെ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നെ കാമറൂണിനും ഐവറി കോസ്റ്റിനും സമനില പൂട്ട് പൊളിക്കാനായില്ല. ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റ് വീതവുമായി ഐവറി കോസ്റ്റും കാമറൂണും ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മൊസാംബിക് 3 പോയിന്റുമായി പിന്നിലുണ്ട്.
മറ്റൊരു മത്സരത്തില്‍ ബുര്‍ക്കിന ഫാസോയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി അള്‍ജീരിയ ഗ്രൂപ്പ് ഇ ജേതാക്കളായി അവസാന 16-ലേക്ക് മുന്നേറി. കളിയുടെ 23-ാം മിനിറ്റില്‍ റിയാദ് മഹ്റെസ് നേടിയ പെനാല്‍റ്റി ഗോളാണ് അള്‍ജീരിയയെ തുണച്ചത്. റയാന്‍ ഐത് നൂറിയെ ഇസ്മയില ഔഡ്രാഗോ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റുകള്‍ നേടിയ 'ഫെനെക്‌സ്' അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.
ആദ്യ മത്സരത്തില്‍ അള്‍ജീരിയയോട് പരാജയപ്പെട്ട സുഡാന്‍, എഴുപത്തിനാലാം മിനിറ്റില്‍ സോള്‍ കൊക്കോ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ ഇക്വറ്റോറിയല്‍ ഗ്വിനിയയെ 1-0 ന് പരാജയപ്പെടുത്തി തിരിച്ചുവന്നു.
ജനുവരി ആറിന് റാബാത്തില്‍ നടക്കുന്ന മത്സരത്തില്‍ അള്‍ജീരിയ, ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരെ (സെനഗല്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അല്ലെങ്കില്‍ ബെനിന്‍) നേരിടും. ഈ മത്സരത്തിലെ വിജയികള്‍ക്ക് ജനുവരി പത്തിന് മാരാകെച്ചില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നൈജീരിയയെ നേരിടാന്‍ സാധ്യതയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
