ബംഗ്ലദേശിനെ എറിഞ്ഞിട്ടു; ഏഷ്യാകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനും തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാഹിബ്‌സാദാ ഫര്‍ഹാനെ (4) പാക്കിസ്ഥാന് നഷ്ടമായി. രണ്ടാം ഓവറില്‍ യുവതാരം സയിം അയൂബും (0) മടങ്ങിയതോടെ പാക്കിസ്ഥാന്‍ ഞെട്ടി.

author-image
Biju
New Update
pak bengla

ദുബായ്: രണ്ട് ആഴ്ചത്തെ ഇടവേളയില്‍ മൂന്നാമതൊരു ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനു വേദിയൊരുങ്ങുന്നു. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലദേശിനെ 11 റണ്‍സിന് മറികടന്ന പാക്കിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടി. 

സ്‌കോര്‍: പാക്കിസ്ഥാന്‍ 20 ഓവറില്‍ 8ന് 135. ബംഗ്ലദേശ് 20 ഓവറില്‍ 9ന് 124. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഏഷ്യാകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്.

136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോനെ (0) നഷ്ടമായി. അടുത്ത 3 ഓവര്‍ വിജയകരമായി പ്രതിരോധിച്ചെങ്കിലും അഞ്ചാം ഓവറില്‍ തൗഹിദ് ഹൃദോയ് (5), ആറാം ഓവറില്‍ സെയ്ഫ് ഹസന്‍ (18) എന്നിവര്‍ കൂടി വീണതോടെ 3ന് 36 എന്ന നിലയിലാണ് ബംഗ്ലദേശ് പവര്‍പ്ലേ അവസാനിപ്പിച്ചത്. 

പിന്നാലെ പാക്ക് ബോളര്‍മാര്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ബംഗ്ലദേശ് തകര്‍ന്നടിഞ്ഞു. ഷമിം ഹുസൈന്‍ (30) മാത്രമാണ് ബംഗ്ല നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. അവസാന ഓവറുകളില്‍ പൊരുതിയ റിഷാദ് ഹുസൈന് (16 നോട്ടൗട്ട്) ബംഗ്ലദേശിന്റെ തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനും തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാഹിബ്‌സാദാ ഫര്‍ഹാനെ (4) പാക്കിസ്ഥാന് നഷ്ടമായി. രണ്ടാം ഓവറില്‍ യുവതാരം സയിം അയൂബും (0) മടങ്ങിയതോടെ പാക്കിസ്ഥാന്‍ ഞെട്ടി. 

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ്, പാക്കിസ്ഥാനെ 5ന് 49 എന്ന നിലയിലേക്കു തള്ളിയിട്ടു.മധ്യനിരയില്‍ പൊരുതിയ മുഹമ്മദ് ഹാരിസ് (23 പന്തില്‍ 31), മുഹമ്മദ് നവാസ് (15 പന്തില്‍ 25) എന്നിവര്‍ ചേര്‍ന്നാണ് പാക്ക് ടോട്ടല്‍ 100 കടത്തിയത്. ബംഗ്ലദേശിനായി പേസര്‍ ടസ്‌കിന്‍ അഹമ്മദ് മൂന്നും സ്പിന്നര്‍മാരായ റിഷാദ് ഹുസൈന്‍, മഹെദി ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

asia cup