/kalakaumudi/media/media_files/2025/04/11/pHGrA51R5zEASEQezTo0.jpg)
റാവല്‍പിണ്ടി: ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണിന് പിന്നാലെ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025 ല്‍ നിന്ന് പിന്മാറി. ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ ഡെര്‍ ഡസ്സന് പകരക്കാരനായാണ് കാരിയെ ഇസ്ലാമാബാദ് യുണൈറ്റഡ് ആദ്യം സൈന്‍ ചെയ്തത്. എന്നാല്‍ ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ തിരക്ക് കാരണം താരം പിന്മാറുകയായിരുന്നു.
ഇന്ന് റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ലാഹോര്‍ ഖലന്ദര്‍സിനെതിരായ അവരുടെ ആദ്യ മത്സരത്തിന് തൊട്ടുമുന്‍പാണ് ഇസ്ലാമാബാദ് യുണൈറ്റഡ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. കാരിയുടെ അഭാവത്തില്‍, ലീഗിന്റെ രണ്ടാം പകുതിയില്‍ വാന്‍ ഡെര്‍ ഡസ്സന്റെ ലഭ്യതയിലാണ് ഫ്രാഞ്ചൈസി ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.
നേരത്തെ, ഐപിഎല്‍ 2025 ലെ മെഗാ ലേലത്തില്‍ വിറ്റുപോകാതിരുന്ന ശേഷം കറാച്ചി കിംഗ്സ് തിരഞ്ഞെടുത്ത കെയ്ന്‍ വില്യംസണും പിഎസ്എല്‍ 10 ലെ ആദ്യ മത്സരങ്ങളില്‍ കളിക്കാന്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പിഎസ്എല്ലിന്റെ 10-ാം പതിപ്പ് ഏപ്രില്‍ 11 മുതല്‍ മെയ് 18 വരെ നാല് വേദികളിലായി 34 മത്സരങ്ങള്‍ ഉള്‍ക്കൊള്ളും. ഫൈനല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കും.