/kalakaumudi/media/media_files/2024/11/08/TzlI74dq8O39dMPeN9L3.jpg)
മുംബൈ: ഐപിഎല്‍ 2026 ട്രേഡിങ് ചര്‍ച്ചകള്‍ തുടങ്ങിയതോടെ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നത് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ്. ഇത്തവണ റോയല്‍സ് വിടുമെന്ന് ഉറപ്പയതോടെ സഞ്ജുവിനെ സ്വന്തംപാളയത്തില്‍ എത്തിക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ട്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് മുന്‍പന്തിയില്‍.
ദക്ഷിണേന്ത്യന്‍ ടീം എന്ന നിലയില്‍ സിഎസ്‌കെയ്ക്ക് സഞ്ജുവില്‍ പ്രത്യേക താല്‍പര്യമുണ്ട്. മാത്രമല്ല, വിക്കറ്റ് കീപ്പര്‍ ധോണിക്ക് പിന്‍ഗാമിയെ തേടുന്ന മഞ്ഞപ്പടയ്ക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഓപ്ഷന്‍ ആണ് സഞ്ജു. മലയാളി താരത്തെ വിട്ടുകിട്ടാന്‍ റോയല്‍സിനെ സമീപിക്കുമെന്ന് സിഎസ്‌കെ പ്രതിനിധി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.
സഞ്ജുവിന്റെ പ്രതിഫല കരാര്‍ 18 കോടിയാണ് എന്നതിനാല്‍ ട്രേഡ് ചെയ്യുന്ന ടീമിന് ഐപിഎല്‍ മാനദണ്ഡപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ഒരാളാണ് സഞ്ജു. റോയല്‍സിന്റെ കഴിഞ്ഞ സീസണിലെ റിട്ടന്‍ഷന്‍ പ്ലെയര്‍ ആയ സഞ്ജുവിടെ വിട്ടുകിട്ടാനുള്ള സിഎസ്‌കെയുടെ ശ്രമങ്ങളെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര വിശദീകരിച്ചു.
സഞ്ജുവിനെ ലഭിക്കാന്‍ സിഎസ്‌കെ രവീന്ദ്ര ജഡേജയേയോ ആര്‍ അശ്വിനെയോ നല്‍കേണ്ടിവരുമെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. പരിചയസമ്പന്നനായ കളിക്കാരനെ രാജസ്ഥാന്‍ ആവശ്യപ്പെട്ടേക്കും. സഞ്ജുവിനായി ട്രേഡ് കരാര്‍ ഒപ്പുവച്ചാല്‍ ജഡേജയെയോ അശ്വിനെയോ ചെന്നൈക്ക് നഷ്ടമാവുമെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.