![indiaaaa](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2024/12/17/VaL4WIQiem7SEtDBy3TX.jpg)
ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ വന്‍ അപകടത്തിലേക്ക് വീണുകൊണ്ടിരുന്ന ഇന്ത്യയെ താങ്ങിയെടുത്ത് ആകാശ്ദീപും ജസ്പ്രീത് ബുംറയും. പന്തുകൊണ്ടല്ല ബാറ്റ് കൊണ്ടാണ് ഇരുവരും ഇക്കുറി ഇന്ത്യയെ രക്ഷിച്ചെടുത്തത്. ഗാബയില്‍ ഫോളോഓണ്‍ മുന്നില്‍കണ്ട ഇന്ത്യയെ അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കരകയറ്റി. അപരാജിതമായ പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത പൊന്നുംവിലയുള്ള 39 റണ്‍സിന്റെ ബലത്തില്‍ ആസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കി. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445 റണ്‍സിന് മറുപടിയായി നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 445 റണ്‍സ് എടുത്ത ഓസ്‌ട്രേലിയക്കെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 246 റണ്‍സ് വേണമായിരുന്നു. 213 റണ്‍സില്‍ വച്ച് ഇന്ത്യയുടെ ഒന്‍പതാം വിക്കറ്റായി രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ ഫോളോഓണ്‍ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പത്താംവിക്കറ്റില്‍ ബുംറയും ആകാശ് ദീപും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്. കെ എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ചെറുത്തുനില്‍പ്പും ഇന്ത്യയ്ക്കു നിര്‍ണായകമായി.
ഫോളോഓണ്‍ ഒഴിവാക്കിയതോടെ ടെസ്റ്റ് സമനിലയില്‍ എത്തിക്കാന്‍ ഇന്ത്യക്ക് അവസരമായി. ഇന്ത്യയുടെ അവസാന വിക്കറ്റ് അവസാന ദിനമായ നാളെ രാവിലെ തന്നെ നഷ്ടമായാലും ഓസീസിന് ജയിക്കണമെങ്കില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ഇന്ത്യക്ക് മുന്നില്‍ 300നു മുകളിലുള്ള ലക്ഷ്യം സെറ്റ് ചെയ്യുകയും ശേഷിക്കുന്ന ഓവറുകള്‍ക്കുള്ളില്‍ ഇന്ത്യയുടെ പത്തു വിക്കറ്റ് വീഴ്ത്തുകയും വേണം. ഗാബയിലെ പിച്ചില്‍ അവസാനദിനം പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടാണെങ്കിലും ടെസ്റ്റ് സമനിലയില്‍ എത്തിക്കാന്‍ ഇന്ത്യക്ക് പിടിച്ചുനിന്നേ മതിയാവൂ. ഇതുവരെ നാലു ദിവസവും മഴ ഇടക്കിടെ കളി തടസപ്പെടുത്തിയിരുന്നു. അവസാനദിനവും മഴ എത്തിയാല്‍ ഓവറുകള്‍ നഷ്ടപ്പെടുകയും ഇന്ത്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവുകയും ചെയ്യും.
ഇന്ന് തുടക്കത്തില്‍ കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഒരു വശത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും രാഹുല്‍ ചെറുത്തുനിന്നത് ഇന്ത്യയ്ക്ക് തുണയായി. 139 പന്തില്‍ 84 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് രാഹുല്‍ ഔട്ടായത്. നഥാന്‍ ലിയോണ്‍ ആണ് രാഹുലിനെ പുറത്താക്കിയത്.
ആദ്യ സെഷനില്‍ രാഹുലിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 27 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായ രോഹിത് വീണ്ടും നിരാശപ്പെടുത്തി. ഇന്ത്യന്‍ നായകനെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്‌സ് കാരി പിടികൂടുകയായിരുന്നു. ടീം സ്‌കോര്‍ 74 ഉള്ളപ്പോഴായിരുന്നു രോഹിത്തിന്റെ മടക്കം. ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ ഇന്ത്യയെ 100 കടത്തി.
ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതുന്നതിനിടെ രവീന്ദ്ര ജഡേജയ്ക്കും മടങ്ങേണ്ടിവന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 123 പന്തില്‍ ഏഴു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 77 റണ്‍സ് എടുത്താണ് രവീന്ദ്ര ജഡേജ പുറത്തായത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികടക്കാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു.
പത്താംവിക്കറ്റില്‍ ബുംറയും ആകാശ് ദീപും ചേര്‍ന്ന് നേടിയ 39 റണ്‍സിന്റെ അപരാജിത ചെറുത്തുനില്‍പ്പ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചു. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ 31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ 10 റണ്‍സുമായി ജസ്പ്രീത് ബുംമ്രയുമാണ് ക്രീസില്‍.