/kalakaumudi/media/media_files/2025/07/26/anah-2025-07-26-18-38-48.jpg)
കെയ്‌റോ: കെയ്റോയില്‍ നടന്ന 2025 ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ അനാഹത് സിംഗ് വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ചു. ഇതോടെ 15 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് അനാഹത് വിരാമമിട്ടത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച 17 വയസ്സുകാരിയായ ഡല്‍ഹി താരം, കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടിരുന്ന തടസ്സങ്ങളെ മറികടന്ന് മുന്നേറി.
സെമിഫൈനലില്‍ ഈജിപ്തിന്റെ നാദിന്‍ എല്‍ഹമാമിയോട് 11-6, 14-12, 12-10 എന്ന സ്‌കോറിന് അനാഹത് പൊരുതി തോറ്റു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റെങ്കിലും, ഓരോ ഗെയിമിലും ഈജിപ്ഷ്യന്‍ താരത്തിന് അനാഹത് കടുത്ത വെല്ലുവിളി ഉയര്‍ത്തി. ദീപിക പള്ളിക്കലിന് ശേഷം (2010) ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് അനാഹത്.
ടൂര്‍ണമെന്റില്‍ രണ്ടാം സീഡായിരുന്ന അനാഹത് നേരത്തെ ഈജിപ്തിന്റെ മാലിക എല്‍കരക്‌സിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി സെമിയിലെത്തിയിരുന്നു. നിലവില്‍ പിഎസ്എ വേള്‍ഡ് ടൂറില്‍ 54-ാം റാങ്കിലുള്ള അനാഹത്, പ്രൊഫഷണല്‍ സര്‍ക്യൂട്ടിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ വനിതാ താരമാണ്.