Argentina forward Lautaro Martinez celebrates his goal
ഫ്ളോറിഡ: അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെയാണ് അര്‍ജന്റീനയുടെ ഈ മുന്നേറ്റം. ലാതുറോ മാര്‍ട്ടിനെസിന്റെ വിജയഗോളിലാണ് അര്‍ജന്റീന ചിലിയെ തകര്‍ത്ത് എറിഞ്ഞത്. അവസരങ്ങള്‍ ഒരുപാട് ലഭിച്ചെങ്കിലും പന്ത് ഗോള്‍വര കടക്കാന്‍ 88-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ആദ്യ മത്സരത്തില്‍ അര്‍ജന്റീന കാനഡയെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ ഇനി പെറുവിനെതിരായ മത്സരമാണ് ശേഷിക്കുന്നത്.
മത്സരത്തില്‍ 22 ഷോട്ടുകളാണ് അര്‍ജന്റീന പായ്ച്ചത്. 72-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന് പകരക്കാരനായിട്ടാണ് മാര്‍ട്ടിനെസ് കളത്തിലെത്തുന്നത്. 88-ാം മിനിറ്റില്‍ ഗോളും നേടി. മെസിയുടെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് മാര്‍ട്ടിനെസ് ഗോള്‍ കണ്ടെത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജയത്തോടെ അര്‍ജന്റീനയ്ക്ക് രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റായി. ചിലി ഒരു പോയിന്റ് മാത്രമായി മൂന്നാമത്. കാനഡയെ ഒരു ഗോളിന് മറികടന്ന പെറുവാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്.