/kalakaumudi/media/media_files/2025/05/16/fL2U4dqpM14C2NsCLONS.png)
മലപ്പുറം: സൗഹൃദ മത്സരത്തിനായി കേരളത്തിലെത്തുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ എതിരാളികളായി സംസ്ഥാന കായിക വകുപ്പിന്റെ പരിഗണനയിലുള്ളത് 4 ടീമുകള്‍. സൗദി അറേബ്യ, ഖത്തര്‍, കോസ്റ്ററിക്ക എന്നീ ടീമുകളായിരുന്നു ആദ്യ ഘട്ട ചര്‍ച്ചകളിലുണ്ടായിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമും താല്‍പര്യം പ്രകടിപ്പിച്ചെത്തിയതോടെ ടീമുകളുടെ എണ്ണം നാലായി.
ലോക ചാംപ്യന്‍മാര്‍ക്ക് കേരളം മികച്ച എതിരാളിയെത്തേടുമ്പോള്‍ മേല്‍ക്കൈ ലോക റാങ്കിങ്ങില്‍ 24ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്കാണ്. എന്നാല്‍ കേരളത്തിലെ ആരാധക പിന്തുണ കണക്കിലെടുത്ത് അറബ് ടീമുകളെ പരിഗണിക്കാനും സാധ്യതയുണ്ട്. ഖത്തര്‍ ലോക റാങ്കിങ്ങില്‍ 53ാം സ്ഥാനത്തും സൗദി 59ാം സ്ഥാനത്തുമാണ്. വടക്കേ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്ക ടീം റാങ്കിങ്ങില്‍ (40) ആദ്യ അന്‍പതിനുള്ളിലുണ്ട്.
നവംബറിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനമെന്ന് സ്ഥിരീകരിച്ചെങ്കിലും എതിരാളികളെ കണ്ടെത്തിയശേഷം മാത്രമേ മത്സരത്തീയതി തീരുമാനിക്കാനാകൂവെന്ന് കായികവകുപ്പ് അധികൃതര്‍ പറയുന്നു. അംഗോളയില്‍ നടക്കുന്ന സൗഹൃദ മത്സരത്തിലെ എതിരാളികളെക്കൂടി പരിഗണിച്ചായിരിക്കും കേരളത്തിലെ എതിരാളികളെ തീരുമാനിക്കുക.
ഒന്നിലേറെ ടീമുകളെ ഉള്‍പ്പെടുത്തിയ ത്രികോണ മത്സരത്തെക്കുറിച്ചും കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ഇന്നലെ സൂചന നല്‍കി. മത്സരവേദി ഉള്‍പ്പെടെ കേരളത്തിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനായി ഡല്‍ഹിയില്‍നിന്നുള്ള വിദഗ്ധ സംഘം ഉടനെത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.