/kalakaumudi/media/media_files/2025/08/21/kpl-2025-08-21-18-20-56.jpg)
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിന് ബാറ്റിങ് തകര്‍ച്ചയോടെ തുടക്കം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 138 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധസെഞ്ചറിയുമായി പടനയിച്ച മത്സരത്തിലാണ്, കാലിക്കറ്റ് 138 റണ്‍സില്‍ ഒതുങ്ങിയത്. 18 ഓവറിലാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 138 റണ്‍സെടുത്തത്.
മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഷറഫുദ്ദീനാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഏരീസ് കൊല്ലം സെയ്ലേഴ്‌സ് നിരയില്‍ തിളങ്ങിയത്. എ.ജി. അമല്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു. ബിജു നാരായണന്‍, അഖില്‍ സജീവന്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
22 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സും സഹിതം 54 റണ്‍സെടുത്താണ് രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിന്റെ ടോപ് സ്‌കോററായത്. മനു കൃഷ്ണന്‍ 14 പന്തില്‍ മൂന്നു സിക്‌സറുകളോടെ 25 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ 18 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 21 റണ്‍സെടുത്തു. 13 പന്തില്‍ ഒരു ഫോര്‍ സഹിതം 10 റണ്‍സെടുത്ത സുരേഷ് സച്ചിനാണ് രണ്ടക്കത്തിലെത്തിയ മറ്റൊരു കാലിക്കറ്റ് താരം.