അര്‍ഷാദ് നദീമിന്റെ പരിശീലകന് ആജീവനാന്ത വിലക്ക്

വര്‍ഷങ്ങളായി അര്‍ഷാദ് നദീമിന്റെ മെന്ററും പരിശീലകനുമാണ് സല്‍മാന്‍ ഇഖ്ബാല്‍. ലോക് അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നദീമിന്റെ മോശം പ്രകടനം സംബന്ധിച്ച് പാക്കിസ്ഥാന്‍ സ്‌പോര്‍ട്‌സ് ബോര്‍ഡ് (പിഎസ്ബി) വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

author-image
Biju
New Update
arshad

ലഹോര്‍: ഒളിംപിക്‌സ് ജാവലിന്‍ത്രോ ചാംപ്യന്‍ അര്‍ഷാദ് നദീമിന്റെ പരിശീലകന്‍ സല്‍മാന്‍ ഇഖ്ബാലിന് പാക്കിസ്ഥാനില്‍ ആജീവനാന്ത വിലക്ക്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പഞ്ചാബ് അത്‌ലറ്റിക്‌സ് അസോസിയേഷന്റെ പ്രസിഡന്റായ സല്‍മാന്‍, അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അമച്വര്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (പിഎഎഎഫ്) വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ഇഖ്ബാലിന് അത്ലറ്റിക് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പരിശീലകനാകാനോ ഒരു തലത്തിലും പദവി വഹിക്കാനോ കഴിയില്ല. ഓഗസ്റ്റിലായിരുന്നു പിഎഎഎഫ് തിരഞ്ഞെടുപ്പ്. ക്രമക്കേട് നടന്നെന്ന പരാതിയില്‍ സെപ്റ്റംബറിലാണ് അന്വേഷണ കമ്മിറ്റി രൂപീകരിച്ചത്.

വര്‍ഷങ്ങളായി അര്‍ഷാദ് നദീമിന്റെ മെന്ററും പരിശീലകനുമാണ് സല്‍മാന്‍ ഇഖ്ബാല്‍. ലോക് അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നദീമിന്റെ മോശം പ്രകടനം സംബന്ധിച്ച് പാക്കിസ്ഥാന്‍ സ്‌പോര്‍ട്‌സ് ബോര്‍ഡ് (പിഎസ്ബി) വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു ഇഖ്ബാര്‍ നല്‍കിയ മറുപടിയും ഇപ്പോഴത്തെ നടപടിക്ക് കാരണമായെന്നാണ് കാണുന്നത്. ഇഖ്ബാലിന്റെ മറുപടി ഒക്ടോബര്‍ 9നാണ് പുറത്തുവന്നത്. 10നാണ് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് വന്നത്.

ജാവലിന്‍ ത്രോ താരത്തിന്റെ പരിശീലനത്തിനും യാത്രയ്ക്കുമായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും പിഎസ്ബി തേടിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നദീമിന്റെ പരിശീലനത്തിനായി പാക്കിസ്ഥാന്‍ അമച്വര്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഇഖ്ബാല്‍ വെളിപ്പെടുത്തിയിരുന്നു. നദീമിന് ദക്ഷിണാഫ്രിക്കയില്‍ പോയി പരിശീലിക്കുന്നതിന് സുഹൃത്തില്‍നിന്ന് താന്‍ പണം കടം വാങ്ങിയതായും ഇഖ്ബാല്‍ പറഞ്ഞിരുന്നു.