സേവാഗിന്റെ മകന് നിരാശയോടെ മടക്കം

ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി തിളങ്ങിയതോടെയാണ് ആര്യവീറിന് വീണ്ടും അവസരം നല്‍കാന്‍ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍ അഞ്ച് പന്തുകള്‍ നേരിട്ട താരം ഒരു റണ്‍ മാത്രമെടുത്തു പുറത്തായി.

author-image
Biju
New Update
seg

ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ വീരേന്ദര്‍ സേവാഗിന്റെ മകന്‍ ആര്യവീര്‍ സേവാഗിന് തിളങ്ങാനായില്ല. ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി തിളങ്ങിയതോടെയാണ് ആര്യവീറിന് വീണ്ടും അവസരം നല്‍കാന്‍ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍ അഞ്ച് പന്തുകള്‍ നേരിട്ട താരം ഒരു റണ്‍ മാത്രമെടുത്തു പുറത്തായി. രോഹന്‍ രതിയുടെ പന്തില്‍ ആര്യവീറിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.

പക്ഷേ മത്സരത്തില്‍ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് ആറു വിക്കറ്റ് വിജയം സ്വന്തമാക്കി. 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സ് 14.5 ഓവറില്‍ 90 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ആദിത്യ ബണ്ടാരിയും (19 പന്തില്‍ 33), ക്യാപ്റ്റന്‍ ജോണ്ടി സിന്ധുവും (15 പന്തില്‍ 26) തിളങ്ങിയതോടെ 11.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് വിജയ റണ്‍സ് കുറിച്ചു.

യാഷ് ദുള്‍ കളിക്കാതിരുന്നതോടെയാണ് ആര്യവീറിന് പ്ലേയിങ് ഇലവനിലേക്ക് അവസരം ലഭിച്ചത്. ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയ ആര്യവീര്‍ 16 പന്തില്‍ 22 റണ്‍സടിച്ചാണു പുറത്തായത്. റൈഡേഴ്‌സിനായി കളിക്കുന്ന ഇന്ത്യന്‍ പേസര്‍ നവ്ദീപ് സെയ്‌നിയുടെ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു ഫോറുകള്‍ ബൗണ്ടറി കടത്തിയാണ് ആര്യവീര്‍ തുടങ്ങിയത്. 

അഞ്ചാം ഓവറില്‍ റോണക് വഗേലയ്‌ക്കെതിരെയും രണ്ട് ഫോറുകള്‍ അടിച്ചെങ്കിലും ഇതേ ഓവറില്‍ താരം പുറത്തായി മടങ്ങുകയായിരുന്നു. റോണക് വഗേലയുടെ പന്തില്‍ മയങ്ക് റാവത്ത് ക്യാച്ചെടുത്താണ് ആര്യവീറിനെ പുറത്താക്കുന്നത്. താരലേലത്തില്‍ എട്ടു ലക്ഷം രൂപയ്ക്കാണ് ആര്യവീറിനെ സെന്‍ട്രല്‍ ഡല്‍ഹി സ്വന്തമാക്കിയത്.