/kalakaumudi/media/media_files/2025/11/22/ashes-2025-11-22-21-49-35.jpg)
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അനായാസം ജയിച്ചുകയറി ഓസീസ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് ടീമിനെ അനാസായം ലക്ഷ്യത്തിലെത്തിച്ചത്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.ഇംഗ്ലണ്ട്: 172, 164 ഓസ്ട്രേലിയ: 132, 205-2
ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റേത് മികച്ച തുടക്കമായിരുന്നു. ട്രാവിസ് ഹെഡും അരങ്ങേറ്റക്കാരന്‍ ജെയ്ക് വെതറാള്‍ഡും ടീമിനെ പത്താം ഓവറില്‍ തന്നെ അമ്പത് കടത്തി. ട്രാവിസ് ഹെഡ് ഏകദിനശൈലിയില്‍ ബാറ്റുവീശിയതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പ്രതിരോധത്തിലായി. സ്‌കോര്‍ 75 ല്‍ നില്‍ക്കേ വെതറാള്‍ഡിനെ ബ്രൈഡന്‍ കാഴ്സെ പുറത്താക്കി. 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
രണ്ടാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്നുമൊത്ത് ഹെഡ് ഓസീസ് സ്‌കോറുയര്‍ത്തി. പിന്നാലെ ഹെഡ് അര്‍ധസെഞ്ചുറിയും തികച്ചു. 36 പന്തിലാണ് താരം അമ്പതിലെത്തിയത്. പിന്നീട് ഇംഗ്ലീഷ് ബൗളര്‍മാരെ തകര്‍ത്തടിക്കുന്ന ഹെഡിനെയാണ് പെര്‍ത്തില്‍ കണ്ടത്.
സിക്സറുകളും ഫോറുകളും കൊണ്ട് ഹെഡ് മൈതാനത്ത് നിറഞ്ഞുനിന്നതോടെ ഓസ്ട്രേലിയ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. 69 പന്തില്‍ നിന്ന് താരം സെഞ്ചുറിയും തികച്ചു. ആഷസിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് ഹെഡിന്റേത്. 23-ാം ഓവറില്‍ 150-കടന്ന ഓസീസിനെ പിന്നീട് പ്രതിരോധിക്കാന്‍ ഇംഗ്ലീഷ് നിരയ്ക്കായില്ല. 123 റണ്‍സെടുത്ത ഹെഡിനെ പുറത്താക്കിയെങ്കിലും സ്റ്റീവന്‍ സ്മിത്തും(1) ലബുഷെയ്നും(51) ടീമിനെ ജയത്തിലെത്തിച്ചു.
രണ്ടാംദിനം രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 34.4 ഓവറില്‍ 164 റണ്‍സിനാണ് പുറത്തായത്. ഇതോടെ ഓസീസിന് 205 റണ്‍സിന്റെ വിജയലക്ഷ്യമായി. നാലുവിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടും മൂന്നുവിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് കഥകഴിച്ചത്. ആദ്യ ഇന്നിങ്സിലെ ഏഴുവിക്കറ്റടക്കം സ്റ്റാര്‍ക്കിന് ടെസ്റ്റില്‍ ആകെ പത്തുവിക്കറ്റായി. 37 റണ്‍സെടുത്ത ഗുസ് അറ്റ്കിന്‍സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ഒലീ പോപ്പ് (33), ബെന്‍ ഡക്കറ്റ് (28), ബ്രൈഡന്‍ കഴ്സ് (20) എന്നിങ്ങനെയാണ് ടീമിന്റെ മറ്റു സ്‌കോറുകള്‍.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടുയര്‍ത്തിയ 172 റണ്‍സിനു പിന്നാലെ ബാറ്റുചെയ്ത ഓസ്ട്രേലിയ 132 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് 40 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. നേരത്തേ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 172 റണ്‍സില്‍ അവസാനിച്ചിരുന്നു. 52 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെയും 46 റണ്‍സെടുത്ത ഒലീ പോപ്പിന്റെയും 33 റണ്‍സെടുത്ത ജെമീ സ്മിത്തിന്റേയും ബലത്തിലാണ് ടീം 172 റണ്‍സെടുത്തത്. പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ നേടി ഗംഭീര പ്രകടനം കാഴ്ചവെച്ചു.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയ 132-ന് ഓള്‍ഔട്ടായി. അലക്സ് കാരി (26), കാമറൂണ്‍ ഗ്രീന്‍ (24), ട്രാവിസ് ഹെഡ് (21) എന്നിവര്‍ മാത്രമാണ് 20-ന് മുകളില്‍ സ്‌കോര്‍ നേടിയത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ആറോവറില്‍ 23 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റുകള്‍ നേടി. ബ്രൈഡന്‍ കാഴ്സ് മൂന്ന് വിക്കറ്റുകളും നേടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
