പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ; ഇനി ഏഷ്യന്‍ രാജാക്കന്മാര്‍

ആവേശം അവസാന ഓവര്‍ വരെ നീണ്ട കലാശപ്പോരില്‍ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തില്‍ ഒന്‍പതാം തവണ ഇന്ത്യ മുത്തമിട്ടു

author-image
Biju
New Update
ASIA CUP INDIA

ദുബായ്: സഞ്ജു ഫ്‌ളോപ്പെന്ന് പറഞ്ഞ് വിമര്‍ശിച്ചവരുടെയെല്ലാം വായടപ്പിച്ച് മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഒരു മലയാളിയിലൂടെ ഏഷ്യ കപ്പ് വീണ്ടും ഇന്ത്യന്‍ മണ്ണില്‍. ആവേശം അവസാന ഓവര്‍ വരെ നീണ്ട കലാശപ്പോരില്‍ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തില്‍ ഒന്‍പതാം തവണ ഇന്ത്യ മുത്തമിട്ടു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം, 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ  മറികടന്നത്. അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു കരുത്തായത്.

മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടൂര്‍ണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശര്‍മ (5), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ നഷ്ടമായത്. അഭിഷേക് ശര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും ഫഹീം അഷ്റഫ് പുറത്താക്കിയപ്പോള്‍ ഷഹീന്‍ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ.

തിലക് വര്‍മയും സഞ്ജുവും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് വലിയ തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ രക്ഷിച്ചത്. നാലാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് 57 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ഒരറ്റത്ത് സഞ്ജു നിലയുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, തിലക് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. നാല് സിക്‌സും മൂന്നു ഫോറുമാണ് തിലകിന്റെ ബാറ്റില്‍നിന്നു പിറന്നത്. സഞ്ജു, ഒരു സിക്‌സും രണ്ടു ഫോറും അടിച്ചു.

13ാം ഓവറില്‍ അബ്രാര്‍ അഹമ്മദാണ് സഞ്ജുവിനെ വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറില്‍ 12 റണ്‍സുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീല്‍ഡര്‍ ഹുസൈന്‍ തലാത് ഡ്രോപ് ചെയ്തിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെ, തിലകയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു. 19ാം ഓവറില്‍ ദുബയെ വീഴ്ത്തി ഫഹീം അഷ്‌റഫ് പാക്കിസ്ഥാന് വീണ്ടും പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഡബിള്‍ എടുത്ത തിലക്, രണ്ടാം പന്തില്‍ സിക്‌സടിച്ചു. മൂന്നാം പന്തില്‍ സിംഗിള്‍. നാലാം പന്ത് ഫോറടിച്ച് റിങ്കു സിങ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചു.  

കറങ്ങിവീണ് പാക്കിസ്ഥാന്‍തുടക്കം കണ്ടപ്പോള്‍ പാക്കിസ്ഥാന്‍ ആരാധകര്‍ ചെറുതായെങ്കിലും ഒന്ന് ആഗ്രഹിച്ചു കാണും. കലാശപ്പോരില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു കൂറ്റന്‍ വിജയലക്ഷ്യമെങ്കിലും മുന്നില്‍ വയ്ക്കാമെന്ന്. എന്നാല്‍ അവരുടെ സ്വപ്നങ്ങള്‍ തച്ചുടച്ച് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ താണ്ഡവമാടിയപ്പോള്‍ ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ 146 റണ്‍സില്‍ ഒതുങ്ങി. 19.1 ഓവറിലാണ് പാക്കിസ്ഥാന്‍ ഓള്‍ഔട്ടായത്. കുല്‍ദീപ് യാദവ് 4 വിക്കറ്റ് എടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര എത്തിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാഹിബ്സാദാ ഫര്‍ഹാനും (38 പന്തില്‍ 57), ഫഖര്‍ സമാനും (35 പന്തില്‍ 46) ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നു സിക്‌സും അഞ്ച് ഫോറുമടക്കമാണ് സാഹിബ്സാദാ ഫര്‍ഹാന്‍ ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി നേടിയത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. 10ാം ഓവറില്‍ ഫര്‍ഹാനെ പുറത്താക്കി, വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പാക്കിസ്ഥാന് ആദ്യപ്രഹരം.

പിന്നീട് ക്രീസിലെത്തിയ ടൂര്‍ണമെന്റില്‍ നാല് തവണ സംപൂജ്യനായി പുറത്തായ സയിം അയൂബ്. ഇക്കുറി രണ്ടു ഫോറടക്കം 14 റണ്‍സായിരുന്നു അയൂബിന്റെ സമ്പാദ്യം. 13ാം ഓവറില്‍ കുല്‍ദീപ് യാദവാണ് അയൂബിനെ പുറത്താക്കിയത്. അപ്പോള്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 113/2. ഈ നിലയില്‍നിന്നാണ് 146 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായത്. 20 റണ്‍സു കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് ഏഴു വിക്കറ്റുകള്‍ നഷ്ടമായത്.

മുഹമ്മദ് ഹാരിസ് (പൂജ്യം), സല്‍മാന്‍ ആഗ (8), ഹുസൈന്‍ തലാത് (1) മുഹമ്മദ് നവാസ് (6), ഷഹീന്‍ അഫ്രീദി (പൂജ്യം), ഫഹീം അഷ്റഫ് (പൂജ്യം), ഹാരിസ് റൗഫ് (6) അബ്രാര്‍ അഹമ്മദ് (1*) എന്നിങ്ങനെയാണ് മറ്റു പാക്കിസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. പാക്കിസ്ഥാന്‍ ബാറ്റിങ് നിരയില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നു പേര്‍ പൂജ്യത്തിനു പുറത്തായി.

ഫൈനലില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ജസ്പ്രീത് ബുമ്രയും ശിവം ദുബെയും തിരിച്ചെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും പുറത്തായി. പാക്കിസ്ഥാന്‍ ടീമില്‍ മാറ്റമില്ല. 41 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യ ഏഷ്യാകപ്പിലെ ഒന്‍പതാം കിരീടം ലക്ഷ്യമിടുമ്പോള്‍ പാക്കിസ്ഥാന്‍ മുന്‍പ് 2 തവണ ജേതാക്കളായിരുന്നു.

asia cup