മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ സാധ്യത. ഈ മാസാവസാനം ടീമിനെ തെരഞ്ഞെടുക്കും. നിലവില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ടി20 ടീമില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. മൂവരേയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. തിരക്കേറിയ സീസണ്‍ ആയതിനാല്‍ ജയ്‌സ്വാളും ഗില്ലും കഴിഞ്ഞ കുറച്ച് ടി20 മത്സരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇവര്‍ക്ക് ഒരു മാസം വിശ്രമം ലഭിക്കുന്നതിനാല്‍ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും.
സെപ്റ്റംബര്‍ ഒമ്പിന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് 28നാണ് അവസാനിക്കുക. പിന്നീട് ഒരാഴ്ച്ചയ്ക്കുള്ള ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിക്കണം. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വേണ്ടത്ര വിശ്രമം ലഭിക്കില്ലെങ്കില്‍ പോലും സെലക്ടര്‍മാര്‍ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് ഒക്ടോബര്‍ 2ന് അഹമ്മദാബാദിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ ജയ്‌സ്വാള്‍ 160 സ്ട്രൈക്ക് റേറ്റില്‍ 559 റണ്‍സ് നേടിയിരുന്നു. അതേസമയം ഗില്‍ 15 കളികളില്‍ നിന്ന് 155-ലധികം സ്ട്രൈക്ക് റേറ്റില്‍ 650 റണ്‍സ് നേടിയിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സില്‍ ഗില്ലിന്റെ ഓപ്പണിംഗ് പങ്കാളിയായ സുദര്‍ശന്‍ 759 റണ്‍സോടെ ഓറഞ്ച് ക്യാപ്പുമായി മടങ്ങി.
യുഎഇയിലെ പിച്ചും ആറ് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് സെലക്റ്റര്‍മാര്‍ ടീം തെരഞ്ഞെടുക്കുക. ജയ്‌സ്വാള്‍, ഗില്‍, സുദര്‍ശന്‍ എന്നിവര്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്നവരാണ്. 2023 അവസാനത്തോടെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സുദര്‍ശന്‍ ടി20യിലും മികച്ച ഫോമിലാണ്. മറ്റൊരു പ്രധാന കാര്യം പേസര്‍മാരായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ ലഭ്യതയാണ്.