കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നല്‍കണം എന്ന് നഖ്വിയോട് ബിസിസിഐ

വിജയിച്ച ടീമിന് ട്രോഫി കൈമാറുക താനായിരിക്കും എന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വി വ്യക്തമാക്കിയതോടെ ഇന്ത്യ ട്രോഫി വേണ്ടെന്ന് വെച്ചു

author-image
Biju
New Update
bcci

ദുബായ്: മൂന്നാം വട്ടവും ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യന്‍ വന്‍കരയുടെ ചാംപ്യന്മാരായതിന്റെ ആവേശത്തിലാണ് ഇന്ത്യ. എന്നാല്‍ ഫൈനല്‍ ജയിച്ച് ഒന്‍പതാം വട്ടം ചാംപ്യന്മാരായിട്ടും ഇന്ത്യ കിരീടം ഇല്ലാതെയാണ് ആഘോഷിച്ചത്. ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഫൈനല്‍ ജയിച്ചിട്ടും ടീമിന് കിരീടം ലഭിക്കാതിരിക്കുന്നത്. എസിസി ചെയര്‍മാനും പാക്കിസ്ഥാന്‍്ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ മൊഹ്‌സിന്‍ നഖ്വിയില്‍നിന്ന് ട്രോഫി സ്വീകരിക്കില്ല എന്ന് നിലപാടില്‍ ഇന്ത്യ ഉറച്ച് നിന്നു. വിജയിച്ച ടീമിന് ട്രോഫി കൈമാറുക താനായിരിക്കും എന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വി വ്യക്തമാക്കിയതോടെ ഇന്ത്യ ട്രോഫി വേണ്ടെന്ന് വെച്ചു.

പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കാതിരുന്ന സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ഐസിസിയില്‍ പരാതി നല്‍കിയത് നഖ്വിയാണ്. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറില്‍ പാക്കിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് സമ്മാനദാനച്ചടങ്ങ് നടന്നത്. സമ്മാനദാന ചടങ്ങ് വൈകിയിട്ടും ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ തന്നെ തുടര്‍ന്ന് ഇന്ത്യ കിരീടം ഉയര്‍ത്തി ജയം ആഘോഷിക്കുന്നത് കാണാന്‍ കാത്തിരുന്നിരുന്നു. സമ്മാനദാന ചടങ്ങില്‍ സംസാരിക്കാന്‍ എത്തിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലിക്ക് നേരെ ഇന്ത്യന്‍ ആരാധകര്‍ കൂവുകയും ചെയ്തു.

സമ്മാനദാനചടങ്ങിന്റെ സമയം നഖ്വിയില്‍ നിന്ന് 15 അടിയോളം മാറി നിന്ന ഇന്ത്യന്‍ താരങ്ങള്‍ ട്രോഫി സ്വീകരിക്കാന്‍ മുന്‍പോട്ട് വന്നില്ല. നഖ്വിയെ കണ്ടതോടെ ഇന്ത്യന്‍ ആരാധകര്‍ ഗ്യാലറിയില്‍ നിന്ന് ഭാരത് മാതാ കി ജയ് വിളിക്കുകയും ചെയ്തു. കിരീടവും മെഡലുകളും തിരിച്ചു നല്‍കണം എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ മൊഹ്‌സിന്‍ നഖ്വിയോട് നിര്‍ദേശിച്ചു. ഇന്ത്യ ജയിച്ച കിരീടവുമായി നഖ്വിപോയതായി ഇന്ത്യ ആരോപിക്കുന്നു. കിരീടം തിരികെ ലഭിക്കാനായി ഐസിസിക്ക് പരാതി നല്‍കാനാണ് ബിസിസിഐ തീരുമാനം.

ഹാരിസ് റൗഫും ഫര്‍ഹാനും സൂപ്പര്‍ ഫോര്‍ മത്സരത്തിനിടയില്‍ നടത്തിയ പ്രകോപനപരമായ ആംഗ്യങ്ങള്‍ പിന്തുണച്ച് നഖ്വി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതും ഇന്ത്യയെ പ്രകോപിപ്പിച്ചു. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 'ഫൈറ്റര്‍ ജെറ്റ്' ആംഗ്യത്തിന്റെ സ്ലോ മോഷന്‍ വീഡിയോ പങ്കുവെച്ചായിരുന്നു നഖ്വിയുടെ പ്രകോപണം.

ഒരു വിമാനം പെട്ടെന്ന് തകരുന്നതായി റൊണാള്‍ഡോ ആംഗ്യം കാണിക്കുന്നതാണ് നഖ്വി പങ്കുവെച്ച വീഡിയോയില്‍ ഉള്ളത്. ഇന്ത്യയ്ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ ഹാരിസ് റൗഫും ഇത്തരത്തില്‍ വിമാനം തകരുന്നതായുള്ള ആംഗ്യം കാണിച്ചിരുന്നു. ഇതിന് ഫൈനലില്‍ ബുമ്ര മറുപടി നല്‍കുകയും ചെയ്തു.