ഒമാനെതിരെ പാക്കിസ്ഥാന് 93 റണ്‍സ് വിജയം

161 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റു ചെയ്യാനിറങ്ങിയ ഒമാനെ ഒരു ഘട്ടത്തില്‍ പോലും നിലയുറപ്പിക്കാന്‍ പാക്ക് ബോളര്‍മാര്‍ അനുവദിച്ചില്ല. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് പുറത്തായതിനു പിന്നാലെ ഒന്നൊന്നായി ഒമാന്‍ ബാറ്റര്‍മാര്‍ പുറത്തായിക്കൊണ്ടിരുന്നു.

author-image
Biju
New Update
oman

ദുബായ്: പാര്‍ട്ട് ടൈം ക്രിക്കറ്റര്‍മാരുമായി ഏഷ്യാ കപ്പിനു വന്ന ഒമാനെ 'ഫുള്‍ടൈം കളിപ്പിച്ച' പാക്കിസ്ഥാനു 93 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 160 റണ്‍സ്. മറുപടിയായി ഒമാന്റെ ബാറ്റിങ് 16.4 ഓവര്‍ വരെ നീണ്ടിട്ടും അവര്‍ക്കു നേടാനായത് 67 റണ്‍സ് മാത്രം! അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഒന്നുമില്ലാതെ തുടങ്ങിയവസാനിച്ച കളിയില്‍ പാക്കിസ്ഥാനു 93 റണ്‍സ് വിജയം. വണ്‍ഡൗണായി ഇറങ്ങി അര്‍ധസെഞ്ചറി പ്രകടനത്തോടെ പാക്ക് ഇന്നിങ്‌സിന്റെ നട്ടെല്ലായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസാണ് (43 പന്തില്‍ 66) പ്ലെയര്‍ ഓഫ് ദ് മാച്ച്. ഗ്രൂപ്പ് ബിയിലെ അടുത്ത മത്സരത്തില്‍ നാളെ ഇന്ത്യയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. മത്സരവേദി ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം തന്നെ.


161 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റു ചെയ്യാനിറങ്ങിയ ഒമാനെ ഒരു ഘട്ടത്തില്‍ പോലും നിലയുറപ്പിക്കാന്‍ പാക്ക് ബോളര്‍മാര്‍ അനുവദിച്ചില്ല. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് പുറത്തായതിനു പിന്നാലെ ഒന്നൊന്നായി ഒമാന്‍ ബാറ്റര്‍മാര്‍ പുറത്തായിക്കൊണ്ടിരുന്നു. എങ്കിലും പവര്‍പ്ലേയില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് നേടാന്‍ ഒമാനു കഴിഞ്ഞതാണു കളിയില്‍ നിര്‍ണായകമായത്. പിന്നീട് 7 മുതല്‍ 16 വരെയുള്ള ഓവറുകളില്‍ ആകെ നേടാനായത് 21 റണ്‍സ് മാത്രം. നഷ്ടപ്പെട്ടത് 7 വിക്കറ്റുകളും. 23 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്ത ഹമ്മദ് മിര്‍സയാണ് ഒമാന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ ആമിര്‍ കലീം (13), വാലറ്റത്തു ഷക്കീല്‍ അഹ്മദ് (10) എന്നിവരൊഴികെ മറ്റാര്‍ക്കും വ്യക്തിഗത സ്‌കോര്‍ രണ്ടക്കം കടത്താനായില്ല. പാക്ക് ബോളിങ് നിരയില്‍ സയിം അയൂബ്, സൂഫിയാന്‍ മുഖീം, ഹഫീര്‍ അര്‍ഷാദ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.


നേരത്തേ, പതിഞ്ഞ താളത്തില്‍ തുടങ്ങിയിട്ടും ഒമാനെതിരെ ഭേദപ്പെട്ട സ്‌കോറിലേക്കു കൊട്ടിക്കയറുകയായിരുന്നു പാക്കിസ്ഥാന്‍. ഓപ്പണര്‍ സയിം അയൂബ് നേരിട്ട ആദ്യ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായെങ്കിലും പ്രമോഷന്‍ കിട്ടി വണ്‍ഡൗണായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് കളി തിരിച്ചുവച്ചു.

ഓപ്പണര്‍ സഹിബ്‌സദാ ഫര്‍ഹാനൊപ്പം (29 പന്തില്‍ 29 റണ്‍സ്) രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഹാരിസിനായി. 10-ാം ഓവറില്‍ സൂഫിയാന്‍ മെഹ്മൂദിനെ ഡീപ് മിഡ്വിക്കറ്റിനു മുകളിലൂടെ സിക്‌സര്‍ പറത്തിയാണ് ഹാരിസ് അര്‍ധസെഞ്ചറി നേട്ടം ആഘോഷിച്ചത്. ഒരു വശത്ത് ടൈമിങ് കിട്ടാതെ ഫര്‍ഹാന്‍ ബുദ്ധിമുട്ടുന്നതിനിടെയും ചാഞ്ചല്യമില്ലാതെ ഇങ്ങേപ്പുറത്ത് ഹാരിസ് ബാറ്റു ചെയ്തത് ഒമാന്‍ ബോളര്‍മാരെയും തളര്‍ത്തി.

പവര്‍പ്ലേയില്‍ മോശമില്ലാത തുടങ്ങിയ പാക്കിസ്ഥാനെ മധ്യ ഓവറുകളില്‍ ഒമാന്‍ ബോളര്‍മാര്‍ അല്‍പമൊന്നു പിടിച്ചുകെട്ടി. 11-ാം ഓവറില്‍ ഇടംകൈ സ്പിന്നര്‍ ആമിര്‍ കലീമിനു റിട്ടേണ്‍ ക്യാച്ച് നല്‍കി ഹര്‍ഫാന്‍ മടങ്ങിയതു മുതല്‍ പാക്കിസ്ഥാന്റെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. 13-ാം ഓവര്‍ എറിയാനെത്തിയ കലീം 2 വിലപ്പെട്ട വിക്കറ്റുകള്‍ നേടിയാണ് ആ ഓവര്‍ അവസാനിപ്പിച്ചത്. മികച്ച ടൈമിങ്ങോടെ ബാറ്റു ചെയ്യുകയായിരുന്ന ഹാരിസ് കലീമിനെ റിവേഴ്‌സ് സ്വീപ് ചെയ്യാന്‍ ശ്രമിച്ചതാണു വിനയായത്. ഇന്‍സൈഡ് എഡ്ജ് ചെയ്ത പന്ത് ഹാരിസിന്റെ വിക്കറ്റു തെറിപ്പിച്ചു. പകരമെത്തിയ പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെ ക്രീസില്‍ നിലയുറപ്പിക്കാന്‍ കലീം സമ്മതിച്ചില്ല. ഫുള്‍ടോസ് ബോളില്‍ ഹമ്മദ് മിര്‍സയ്ക്കു ക്യാച്ച് നല്‍കി പാക്ക് ക്യാപ്റ്റന്‍ പൂജ്യനായി മടങ്ങി.

ആമിര്‍ കലീമിന്റെ സ്‌പെല്ലാണ് (31 റണ്‍സ് വഴങ്ങി 3 വിക്കറ്റ്) 200 കടക്കുമെന്നു കരുതിയ പാക്ക് കുതിപ്പിന് കടിഞ്ഞാണിട്ടത്. മറ്റൊരു ഇടംകൈ സ്പിന്നര്‍ ഷാ ഫൈസലും (31 റണ്‍സ് വഴങ്ങി 3 വിക്കറ്റ്) പാക്കിസ്ഥാനെ പിടിച്ചുനിര്‍ത്തി. ഫൈസലിന്റെ പന്തില്‍ ഹസന്‍ നവാസിനെ ഡീപ് പോയിന്റില്‍ (9) ഹസ്‌നയിന്‍ ഷാ ക്യാച്ചില്‍ കുടുക്കിയപ്പോള്‍ പാക്ക് സ്‌കോര്‍ 16.4 ഓവറില്‍ 5ന് 120. ഡെത്ത് ഓവറുകളില്‍ ഫഖര്‍ സമാനും (16 പന്തില്‍ 23 നോട്ടൗട്ട്), മുഹമ്മദ് നവാസുമാണ് (10 പന്തില്‍ 19) പാക്കിസ്ഥാനെ 160ല്‍ എത്തിച്ചത്.