സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

കളിയിലെ സാധ്യതകളെടുത്താല്‍ ഇന്ത്യ ഏറെ മുന്നില്‍ നില്‍ക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം പാക്കിസ്ഥാനെക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യ

author-image
Biju
New Update
pakistan

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ന് വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാന്‍ മുഖാമുഖം. സൂപ്പര്‍ ഫോറില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ പാക്കിസ്ഥാന്റെ മനസില്‍ പ്രതികാര ദാഹം. പരമ്പരാഗത വൈരികളെ ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്തി ആധിപത്യം അരക്കിട്ട് ഉറപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. രാത്രി എട്ടിന് മത്സരം.

ഹസ്തദാന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കല്‍ക്കൂടി പോരടിക്കുന്നത്. ഇന്നും പാക് താരങ്ങളോട് അതേ നയം തുടരാനാവും ഇന്ത്യയുടെ തീരുമാനം. കളിയിലെ സാധ്യതകളെടുത്താല്‍ ഇന്ത്യ ഏറെ മുന്നില്‍ നില്‍ക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം പാക്കിസ്ഥാനെക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യ. 

ഗ്രൂപ്പ് ഘട്ടത്തിലെ നേര്‍പ്പോരില്‍ അതേറെ തെളിഞ്ഞുകണ്ടു.ദുബായിലെ പിച്ചില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് സ്പിന്‍ ആക്രമണത്തിലൂടെ പാക്കിസ്ഥാനെ തകര്‍ക്കാനാവും ഉന്നമിടുക. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും അതിനു ചുക്കാന്‍ പിടിക്കും. ടൂര്‍ണമെന്റില്‍ എട്ട് വിക്കറ്റ് നേടിയ കുല്‍ദീപ് ആയിരിക്കും പാക് ബാറ്റര്‍മാര്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുക. 

ഒമാനെതിരായ മത്സരത്തില്‍ വീണു പരുക്കേറ്റ അക്‌സര്‍ പട്ടേല്‍ ഇന്ന് ഇറങ്ങുമോയെന്ന് ഉറപ്പില്ല. അക്‌സറിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ വാഷിങ്ടണ്‍ സുന്ദറോ റിയാന്‍ പരാഗോ പകരമെത്തും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് ഇന്ത്യന്‍ ബൗളിങ്ങിന്റെ കരുത്തേറ്റുമെന്നതില്‍ സംശയമില്ല. ബാറ്റര്‍മാരില്‍ ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ക്ക് ഇതുവരെ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും സഞ്ജു സാംസന്റെ ഫോം ഇന്ത്യയുടെ പ്രതീക്ഷയേകുന്ന ഘടകമാണ്.

പാക്കിസ്ഥാന്‍ ടീമിന് പഴയ പ്രതാപമില്ലെന്നത് മത്സരത്തിന്റെ ആവേശം ചോര്‍ത്തുന്നുണ്ട്. പാക് ബാറ്റര്‍മാരില്‍ സയിം അയൂബ്, സാഹിബ്സാദ ഫര്‍ഹാന്‍, ഹസന്‍ നവാസ് എന്നിവര്‍ ഇതുവരെ താളത്തിലെത്തിയിട്ടില്ല. സയിം അയൂബ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഡക്കായിരുന്നു. 

ഏവരെയും അദ്ഭുതപ്പെടുത്തി പേസര്‍ ഷാഹീന്‍ ഷാ അഫ്രീദിയാണ് പാക് ബാറ്റിങ്ങിനെ അല്‍പ്പമെങ്കിലും താങ്ങിനിര്‍ത്തിയത്. ഇന്ന് പാക് ബൗളിങ് ലൈനപ്പില്‍ ഹാരിസ് റൗഫ് ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. കളിയുടെ സമസ്ത മേഖലകളിലും മെച്ചപ്പെട്ടാല്‍ മാത്രമേ പാക്കിസ്ഥാന് ഇന്ത്യയ്ക്കുമേല്‍ വിജയം സ്വന്തമാക്കാന്‍ സാധിക്കൂ.