ഇന്ത്യയും പാക്കിസ്ഥാനും നാളെ ഏറ്റുമുട്ടും

സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലും മാച്ച് റഫറി പൈക്രോഫ്റ്റ് തന്നെയാണ്. പൈക്രോഫ്റ്റിനെ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഐസിസിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു

author-image
Biju
New Update
india

ദുബായ്: ഇന്ത്യയും പാക്കിസ്ഥാനും നാളെ വീണ്ടും ഏറ്റുമുട്ടുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടം പാക്കിസ്ഥാന് എതിരായിട്ടാണ്. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു. എന്നാല്‍ ടോസിന്റെ സമയവും മത്സരത്തിന് ശേഷവും ഇന്ത്യന്‍ കളിക്കാര്‍ ഹസ്തദാനം നല്‍കാതിരുന്നത് പാക്കിസ്ഥാന്‍ വിവാദമാക്കി. സൂപ്പര്‍ ഫോറില്‍ ചിരവൈരികള്‍ വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടത്തിന്റെ ചൂട് വീണ്ടും കൂടുമെന്ന് വ്യക്തം. 

ടോസിന്റെ സമയം ക്യാപ്റ്റന്മാര്‍ തമ്മില്‍ ഹസ്തദാനം നല്‍കാറുണ്ട്. എന്നാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സൂര്യകുമാര്‍ യാദവും സല്‍മാന്‍ അലിയും മുഖത്തോട് മുഖം നോക്കാന്‍ പോലും തയ്യാറായില്ല. ഇന്ത്യന്‍ ക്യാപ്റ്റന് ഹസ്തദാനം നല്‍കാന്‍ മുതിരേണ്ടതില്ല എന്ന് സല്‍മാന്‍ അലിയോട് മാച്ച് റഫറി പൈക്രോഫ്റ്റ് പറഞ്ഞതായാണ് പാക്കിസ്ഥാന്‍ ടീം ആരോപിക്കുന്നത്. 

മാച്ച് റഫറി പൈക്രോഫ്റ്റിനെ ഏഷ്യാ കപ്പിലെ മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താതെ കളിക്കാനിറങ്ങില്ലെന്ന നിലപാട് പാക്കിസ്ഥാന്‍ എടുത്തിരുന്നു. യുഎഇക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നിലപാടെടുത്തു. എന്നാല്‍ പാക്കിസ്ഥാന്റെ സമ്മര്‍ദത്തിന് ഐസിസി വഴങ്ങിയില്ല. ഇതോടെ 8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പാക്കിസ്ഥാന്‍-യുഎഇ മത്സരം ഒന്‍പത് മണിക്കാണ് തുടങ്ങിയത്. ഈ മത്സരത്തില്‍ മാച്ച് റഫറിയായത് പൈക്രോഫ്റ്റ് തന്നെ. 

സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലും മാച്ച് റഫറി പൈക്രോഫ്റ്റ് തന്നെയാണ്. പൈക്രോഫ്റ്റിനെ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഐസിസിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതും വിലപ്പോയില്ല. സൂപ്പര്‍ ഫോര്‍ പോരിലും ഇന്ത്യ ഹസ്തദാനം നല്‍കാതെ പാക്കിസ്ഥാന്‍ കളിക്കാരില്‍ നിന്ന് അകന്ന് തന്നെ നില്‍ക്കാനാണ് സാധ്യത. 

പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ മനസെന്നും ഇന്ത്യന്‍ സൈന്യത്തെയോര്‍ത്ത് അഭിമാനിക്കുന്നതായും അവര്‍ക്ക് ഇങ്ങനെയൊരു ജയത്തിലൂടെ സന്തോഷം നല്‍കാന്‍ സാധിക്കുമെങ്കില്‍ അത് ഞങ്ങള്‍ ചെയ്യുമെന്നുമാണ് സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാനെതിരായ മത്സരത്തിന് ശേഷം പറഞ്ഞത്. ഇതില്‍ നിന്ന് ഇന്ത്യന്‍ ടീമിന്റെ നിലപാട് വ്യക്തമാണ്. സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റിന് അപ്പുറം ചില കാര്യങ്ങള്‍ ഉണ്ട് എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞിരുന്നു. 

ഗ്രൂപ്പ് പോരില്‍ ഇന്ത്യക്കെതിരെ ബാറ്റിങ്ങിലും ബോളിങ്ങിലും പാക്കിസ്ഥാന്‍ പൂര്‍ണ പരാജയമായിരുന്നു. നിലവാരമില്ലാത്ത പാക്കിസ്ഥാന്‍ സ്‌ക്വാഡ് ആണ് ഇത് എന്ന പരിഹാസം ആണ് ശക്തമായത്. സൂപ്പര്‍ ഫോറിലെത്തുമ്പോള്‍ പാക്കിസ്ഥാന്‍ ടീമിന് അത്ഭുങ്ങള്‍ കാട്ടാന്‍ സാധിക്കുമെന്ന വിശ്വസിക്കുന്നവര്‍ കുറവാണ്. ഇന്ത്യയും പാക്കിസ്ഥാനും ട്വന്റി20യില്‍ 14 വട്ടമാണ് ഏറ്റുമുട്ടിയത്. ഇതില്‍ 11 തവണയും ഇന്ത്യ ജയിച്ചു. പാക്കിസ്ഥാന്‍ ജയിച്ചത് മൂന്ന് വട്ടം മാത്രം. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍:ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര. 

പാക്കിസ്ഥാന്‍ സാധ്യതാ ഇലവന്‍: സൈം അയൂബ്, സഹിബ്സദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, അഘ സല്‍മാന്‍ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷാഹീന്‍ അഫ്രിദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്.