/kalakaumudi/media/media_files/2025/09/27/srilanka-2025-09-27-07-15-20.jpg)
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ ആറാം ജയം. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ ജയിച്ചത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെതത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്.
അഭിഷേക് ശര്‍മ (31 പന്തില്‍ 61) തിലക് വര്‍മ (34 പന്തില്‍ 49) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (23 പന്തില്‍ 39) മധ്യനിരയില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും തന്നെ റണ്‍സ് നേടി. സെഞ്ചുറി നേടിയ പതും നിസ്സങ്കയാണ് (58 പന്തില്‍ 107) ലങ്കയെ മത്സരം സമനിലയിലാക്കാന്‍ സഹായിച്ചത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസന്റെ (0) വിക്കറ്റ് നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു താരം. പിന്നാലെ നിസ്സങ്ക - കുശാല്‍ പെരേര (32 പന്തില്‍ 58) സഖ്യം 127 റണ്‍സ് കൂട്ടിചേര്‍ത്തു. ലങ്ക അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിക്കെ കുശാലിനെ, വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. തുടര്‍ന്നെത്തിയ ചരിത് അസലങ്ക (5), കാമിന്ദു മെന്‍ഡിസ് (3) എന്നിവര്‍ വന്നത് പോലെ മടങ്ങി.
അവസാന ഓവറില്‍ 12 റണ്‍സാണ് അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹര്‍ഷിത റാണ എറിഞ്ഞ ആദ്യ പന്തില്‍ നിസ്സങ്ക പുറത്തായി. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ക്യാച്ച്. ആറ് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതാണ് നിസ്സങ്കയുടെ ഇന്നിംഗ്സ്.
അടുത്ത ജനിത് ലിയാന്‍ഗെ സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഒരു റണ്‍. അവസാന മുന്ന് പന്തില്‍ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ്. നാലാം പന്തില്‍ രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ ഷനക ബൗണ്ടറി നേടി. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ്. എന്നാല്‍ രണ്ട് റണ്‍സെടുക്കാനാണ് സാധിച്ചത്.
മത്സരം ടൈ. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. അഞ്ച് പന്തുകള്‍ക്കിടെ ശ്രീലങ്കയുടെ കുശാല്‍ പെരേര (0), ദസുന്‍ ഷനക (0) എന്നിവര്‍ പുറത്തായി. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. ഒരു റണ്‍ എക്സ്ട്രായും മറ്റൊരു റണ്‍ കാമിന്ദു മെന്‍ഡിസ് ഓടിയെടുത്തതുമായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യയാകട്ടെ ആദ്യ പന്തില്‍ തന്നെ വിജയം നേടി. സ്യൂര്യകുമാര്‍ യാദവ് (3), ശുഭ്മാന്‍ ഗില്‍ (0) എന്നിവരാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മഹീഷ് തീക്ഷണയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങുന്നത്. എന്നാല്‍ ഒരറ്റത്ത് സൂര്യയെ സാക്ഷി നിര്‍ത്തി അഭിഷേക് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു.
പവര്‍ പ്ലേയില്‍ തന്നെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ സൂര്യ (12) ഏഴാം ഓവറില്‍ മടങ്ങി. ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സൂര്യ. വൈകാതെ അഭിഷേകും മടങ്ങി. ചരിത് അലങ്കയുടെ പന്തില്‍ കാമിന്ദു മെന്‍ഡിസിന് ക്യാച്ച്. രണ്ട് സിക്‌സും എട്ട് ഫോറും അഭിഷേക് നേടി.
പിന്നാലെ സഞ്ജു ക്രീസിലേക്ക്. നല്ല പന്തുകളെ സൂക്ഷ്മതയോടെ കളിച്ചും മോശം പന്തുകളെ അതിര്‍ത്തി കടത്തിയുമാണ് സഞ്ജു മുന്നോട്ട് പോയത്. മധ്യനിരയില്‍ സഞ്ജു - തിലക് സഖ്യം 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ വാനിന്ദു ഹസരങ്കയ്‌ക്കെതിരെ സഞ്ജു രണ്ട് സിക്‌സ് നേടുകയും ചെയ്തു. എന്നാല്‍ 16-ാം ഓവറില്‍ സഞ്ജു പുറത്തായി.
ദസുന്‍ ഷനകയുടെ പന്തില്‍ അസലങ്കയ്ക്ക് ക്യാച്ച്. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയും (2) മടങ്ങി. ദുഷ്മന്ത് ചമീരയ്ക്ക് റിട്ടേണ്‍ ക്യാച്ച്. എന്നാല്‍ തിലക് - അക്‌സര്‍ പട്ടേല്‍ (15 പന്തില്‍ 21) സഖ്യം സ്‌കോര്‍ 200 കടത്തി. ഇരുവരും പുറത്താവാതെ നിന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
