ശ്രേയസും ജയ്‌സ്വാളും എഷ്യാ കപ്പില്‍ ഉണ്ടാകില്ലെന്ന്

കഴിഞ്ഞ ഐപിഎലില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനല്‍ വരെയെത്തിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് ഇനിയും കാത്തിരിക്കേണ്ടിവരും.

author-image
Biju
New Update
iyer

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ യശസ്വി ജയ്‌സ്വാളിനും ശ്രേയസ് അയ്യര്‍ക്കും ഇടമുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായി. ട്വന്റി20യില്‍ മികച്ച ഫോമിലാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ജയ്‌സ്വാളിന് ബിസിസിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം കഴിഞ്ഞ ഐപിഎലില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനല്‍ വരെയെത്തിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് ഇനിയും കാത്തിരിക്കേണ്ടിവരും.

തകര്‍പ്പന്‍ ഫോമിലുള്ള സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മ ഓപ്പണിങ് സഖ്യം പൊളിക്കാതിരിക്കാനാണ് ജയ്‌സ്വാളിനെ ടീമിലേക്കു പരിഗണിക്കാത്തത്. ഇനി ടീമിലെത്തിയാലും ബാക്ക് അപ് ഓപ്പണറായി ബെഞ്ചിലായിരിക്കും ജയ്‌സ്വാളിന്റെ സ്ഥാനം. ട്വന്റി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂര്‍ണ ഫിറ്റ്‌നസിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. എന്തെങ്കിലും കാരണത്താല്‍ സൂര്യ കളിക്കാതിരുന്നാല്‍ ഗില്ലിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കാനുള്ള ചര്‍ച്ചകളും തുടരുകയാണ്.

ഗില്‍ വന്നാല്‍ ഓപ്പണിങ്ങില്‍ കളിക്കാതെ മൂന്നാമതോ, നാലാമതോ ബാറ്റിങ്ങില്‍ ഇറക്കാനും ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ വണ്‍ഡൗണായി കളിക്കുന്ന തിലക് വര്‍മയുടെ സ്ഥാനവും ഭീഷണിയിലാകും. സഞ്ജുവിന് ബാക്ക് അപ് കീപ്പറായി ധ്രുവ് ജുറേലോ ജിതേഷ് ശര്‍മയോ ടീമിലെത്തും.

സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയായിരിക്കും ഇന്ത്യന്‍ പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുക. ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഈ മാസം 19ന് പ്രഖ്യാപിക്കും. അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റി 19ന് മുംബൈയില്‍ യോഗം ചേരുമെന്നും അതിനുശേഷം ടീം പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.