/kalakaumudi/media/media_files/2025/09/15/india-2025-09-15-14-19-14.jpg)
ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ നേടിയ ആധികാരിക വിജയം രാജ്യത്തിന്റെ സൈനികര്‍ക്കു സമര്‍പ്പിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യ- പാക് പോരാട്ടം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ചുറ്റിലും ഉയര്‍ന്ന ഘട്ടത്തിലാണ് ഇന്ത്യ കളിക്കാനെത്തിയതും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതും.
ടോസ് സമയത്ത് പാക് നായകന്‍ സല്‍മാന്‍ ആഘയ്ക്ക് കൈ കൊടുക്കാന്‍ സൂര്യകുമാര്‍ തയ്യാറായിരുന്നില്ല. മത്സര ശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളെ മൈന്‍ഡ് ചെയ്യാതെ മടങ്ങുകയും ചെയ്തിരുന്നു.
'ഞങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പാക്കിസ്ഥാനെതിരായ ഈ വിജയം ഞങ്ങള്‍ ധീരരായ ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിക്കുന്നു. അവര്‍ ഞങ്ങളെ തുടര്‍ന്നും പ്രചോദിപ്പിക്കട്ടെ. അവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിക്കാന്‍ ഞങ്ങള്‍ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കട്ടെ. പാക്കിസ്ഥാനെതിരായ ഈ കളി ഞങ്ങള്‍ക്കു മറ്റൊരു മത്സരം മാത്രമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല'- ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കി.
സിക്സടിച്ച് ജയിപ്പിച്ചതിനു പിന്നാലെ ക്രീസിലുണ്ടായിരുന്ന സൂര്യകുമാറും ശിവം ദുബെയും പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ പോലും നില്‍ക്കാതെ ഗ്രൗണ്ടില്‍ നിന്നു മടങ്ങി. മാത്രമല്ല ഒരു ഇന്ത്യന്‍ താരവും ഹസ്തദാനത്തിനായി ഗ്രൗണ്ടിലേക്ക് വന്നതുമില്ല.
പാക് താരങ്ങള്‍ കുറച്ചു നേരം മൈതാനത്തു കാത്തു നിന്നെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. തോല്‍വിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ മാധ്യമങ്ങളോടു സംസാരിക്കാന്‍ കൂട്ടാക്കിയില്ല.
ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റര്‍ പോരില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചത്. ബാറ്റിങിലും ബൗളിങിലും പാക് ടീമിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ നിഷ്പ്രഭമാക്കി.
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ ദുര്‍ബല ലക്ഷ്യം ഇന്ത്യ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ആധികാരിക വിജയം.