ഏഷ്യാകപ്പിന് ഇന്ന് തുടക്കം; അഫ്ഗാനിസ്താനും ഹോങ്കോങും ഏറ്റുമുട്ടും

ദുബായ്, അബൂദബി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ഏഷ്യകപ്പിന് വേദിയാകുന്നത്. ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇയും ഒമാനും ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ ഇക്കുറി ഏഷ്യകപ്പില്‍ മാറ്റുരക്കും.

author-image
Biju
New Update
asia cup

ദുബായ്: ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് യു.എ.ഇയില്‍ തുടക്കമാകും. ദുബായിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ന് അഫ്ഗാനിസ്താനും ഹോങ്കോങും ഏറ്റുമുട്ടും. നാളെ ആതിഥേയരായ യു.എ.ഇക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

ദുബായ്, അബൂദബി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ഏഷ്യകപ്പിന് വേദിയാകുന്നത്. ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇയും ഒമാനും ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ ഇക്കുറി ഏഷ്യകപ്പില്‍ മാറ്റുരക്കും. ഇത്തവണ ട്വന്റി 20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. പ്ലേ ഇലവനില്‍ ഇടം നേടിയാല്‍ മലയാളിയായ സഞ്ജുസാംസണ്‍ ഇന്ത്യയുടെ ഓപ്പണറായേക്കും. യു.എ.ഇയുമായുള്ള മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോള്‍ മറ്റൊരു മലയാളി കൂടി കളത്തിലുണ്ടാകും. 

യു.എ.ഇ താരം അലിഷാന്‍ ഷറഫുവാണ് ആ മലയാളി. സെപ്റ്റംബര്‍ 14 നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന ഇന്ത്യ പാക് മല്‍സരം. യു.എ.ഇയില്‍ തുടരുന്ന ഉയര്‍ന്ന ചൂട് മത്സരങ്ങള്‍ക്ക് ഒരു വെല്ലുവിളിയാണ്. ഇക്കാരണത്താല്‍ തന്നെ മത്സരങ്ങളുടെ സമയം വൈകുന്നേരം ആറില്‍ നിന്ന് ആറരയിലേക്ക് മാറ്റിയിട്ടുണ്ട്. അതായത് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.. 

അതേസമയം, ഓപ്പണറെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഏറ്റവും അപകടകാരിയായ ബാറ്ററാണെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി പറഞ്ഞു. ഏഷ്യാകപ്പില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ കളിപ്പിക്കണമെന്നും  മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ശാസ്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി എത്തിയതോടെയാണ് ഓപ്പണര്‍ സ്ഥാനത്തേക്കു സഞ്ജുവിനു ഭീഷണി ഉയര്‍ന്നത്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണു സാധ്യത. അങ്ങനെയെങ്കില്‍ മികച്ച ഫോമിലുള്ള സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം നഷ്ടമാകും.

''ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോഴാണ് സാംസണ്‍ ഏറ്റവും അപകടകാരിയാകുന്നത്. സഞ്ജു ആഞ്ഞടിച്ചാല്‍, മത്സരങ്ങള്‍ ഒറ്റയ്ക്കു ജയിപ്പിക്കാന്‍ വരെ അദ്ദേഹത്തിനു സാധിക്കും. ബാറ്റിങ് ക്രമത്തില്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്നതാണു സഞ്ജുവിനു നല്ലത്.'' രവി ശാസ്ത്രി വ്യക്തമാക്കി. 

''സഞ്ജുവിന്റെ പ്രകടനം നോക്കിയാലും ഗില്ലിനെ വെല്ലുവിളിക്കാന്‍ പോന്നതാണ്. ഗില്ലിന് കളിക്കണമെങ്കില്‍ മറ്റാരെയെങ്കിലും മാറ്റിനിര്‍ത്തുക. സഞ്ജുവിനെ വെറുതെ വിടുക'' രവി ശാസ്ത്രി പറഞ്ഞു. ഓപ്പണര്‍ സ്ഥാനം നഷ്ടമായാല്‍ മധ്യനിരയിലും കളിക്കാന്‍ സാധിക്കുമെങ്കിലും ദേശീയ ടീമില്‍ മിഡില്‍ ഓര്‍ഡറില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഫിനിഷറായി ഐപിഎലില്‍ തകര്‍ത്തടിച്ച ആര്‍സിബി താരം ജിതേഷ് ശര്‍മയെ പരിഗണിക്കാനും സാധ്യതയുണ്ട്.

ട്വന്റി20 ലോകകപ്പിനു ശേഷം നടന്ന ട്വന്റി20 മത്സരങ്ങളിലെല്ലാം അഭിഷേക് ശര്‍മസഞ്ജു സാംസണ്‍ സഖ്യമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. അവസാനം കളിച്ച 10 മത്സരങ്ങളില്‍ സഞ്ജു മൂന്ന് സെഞ്ചറികള്‍ അടിച്ചതും ഓപ്പണറായാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ പരിശീലകന്‍ ഗൗതം ഗംഭീര്‍ പ്രത്യേക താല്‍പര്യമെടുത്താണ് ട്വന്റി20 ടീമിലെടുത്തത്. ഒരു വര്‍ഷത്തിനു ശേഷമാണ് ഗില്‍ ഇന്ത്യന്‍ ട്വന്റി20 ടീമില്‍ കളിക്കാനൊരുങ്ങുന്നത്.

asiacup