ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ഇന്ത്യന്‍ പെണ്‍പട

സീനിയര്‍ വനിതാ ടീമും എഫ്‌സി വനിതാ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയതിന് പിന്നാലെയാണ് അണ്ടര്‍ 20 ടീമിന്റെ ഈ നേട്ടം. ഇത് ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഒരു പുതിയ ദിശാബോധം നല്‍കുന്നു

author-image
Biju
New Update
football photo

യാങ്കോണ്‍: 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ അണ്ടര്‍ 20 വനിതാ ഫുട്‌ബോള്‍ ടീം എഎഫ്‌സി അണ്ടര്‍ 20 വനിതാ ഏഷ്യന്‍ കപ്പ് 2026-ന് യോഗ്യത നേടി ചരിത്രം കുറിച്ചു. യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ മ്യാന്‍മറിനെ 1-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ യുവനിര ടൂര്‍ണമെന്റില്‍ ഇടം ഉറപ്പിച്ചത്.

യാങ്കോണിലെ തുവുണ്ണ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27-ാം മിനിറ്റില്‍ പൂജ നേടിയ ഹെഡ്ഡറാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. തുര്‍ക്ക്‌മെനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 7-0-ന് തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യ, തുടര്‍ന്ന് ഇന്തോനേഷ്യയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

മ്യാന്‍മറുമായുള്ള അവസാന മത്സരത്തില്‍ കനത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് ടീം ഈ നിര്‍ണായക വിജയം നേടിയതും ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായതും. സീനിയര്‍ വനിതാ ടീമും എഫ്‌സി വനിതാ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയതിന് പിന്നാലെയാണ് അണ്ടര്‍ 20 ടീമിന്റെ ഈ നേട്ടം. ഇത് ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഒരു പുതിയ ദിശാബോധം നല്‍കുന്നു.

പരിശീലകന്‍ ജോക്കിം അലക്‌സാണ്ടര്‍സന്റെ കീഴില്‍ ക്യാപ്റ്റന്‍ ശുഭാംഗി സിംഗ്, പൂജ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നില്‍. അടുത്ത വര്‍ഷം തായ്ലന്‍ഡില്‍ നടക്കുന്ന പ്രധാന ടൂര്‍ണമെന്റില്‍ രാജ്യത്തിന്റെ പ്രതീക്ഷകളുമായി ഈ യുവതാരങ്ങള്‍ ഏഷ്യന്‍ വേദിയില്‍ വീണ്ടും കളത്തിലിറങ്ങും.

എഎഫ്സി അണ്ടര്‍-20 വനിതാ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ അണ്ടര്‍-20 വനിതാ ടീമിന് 25,000 യുഎസ് ഡോളര്‍ (ഏകദേശം ?20 ലക്ഷം) പാരിതോഷികം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). 2006-ന് ശേഷം ആദ്യമായാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ഗ്രൂപ്പ് ഡി-യില്‍ ഇന്തോനേഷ്യയുമായി 0-0 സമനില, തുര്‍ക്ക്മെനിസ്ഥാനെതിരെ 7-0 വിജയം, ആതിഥേയരായ മ്യാന്‍മറിനെതിരെ 1-0 വിജയം എന്നിങ്ങനെ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ മുന്നേറ്റം.

യോഗ്യതാ റൗണ്ടില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ടീം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ഈ വളര്‍ച്ചക്ക് പിന്നില്‍ എഐഎഫ്എഫും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) ചേര്‍ന്ന് നടപ്പിലാക്കിയ 'അസ്മിത' വനിതാ ഫുട്‌ബോള്‍ ലീഗ് വലിയ പങ്കുവഹിച്ചു.

2023-നും 2025-നും ഇടയില്‍ 13, 15, 17 വയസ്സില്‍ താഴെയുള്ളവര്‍ക്കായി 155 ലീഗുകള്‍ നടത്തി. 2023-24 സീസണില്‍ 6,305 കളിക്കാര്‍ പങ്കെടുത്ത സ്ഥാനത്ത്, 2024-25-ല്‍ ഇത് 8,658 ആയി വര്‍ധിച്ചു.
അണ്ടര്‍-20 ടീം 2024 ഡിസംബര്‍ മുതല്‍ പരിശീലനത്തിലാണ്. 135 ദിവസത്തെ ക്യാമ്പും തുര്‍ക്കിയിലെ പിങ്ക് ലേഡീസ് യൂത്ത് കപ്പ്, ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള സൗഹൃദ മത്സരങ്ങള്‍ എന്നിവയില്‍ ടീം പങ്കെടുത്തു.

2026 ഏപ്രിലില്‍ തായ്ലന്‍ഡിലാണ് എഎഫ്സി അണ്ടര്‍-20 വനിതാ ഏഷ്യന്‍ കപ്പ് നടക്കുക. ടൂര്‍ണമെന്റിനായി വിപുലമായ പരിശീലന ക്യാമ്പുകളും നിലവാരമുള്ള മത്സരങ്ങളും ഒരുക്കുമെന്നും എഐഎഫ്എഫ് അറിയിച്ചു.

 

team india