/kalakaumudi/media/media_files/2025/09/10/cr7-2025-09-10-10-24-43.jpg)
ബുദാപെസ്റ്റ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഹങ്കറിയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയ ആതിഥേയരായ ഹങ്കറിയായിരുന്നു. 21ആം മിനിറ്റിലായിരുന്നു ഹങ്കറിയെ മുന്നിലെത്തിച്ച ബര്‍ണബാസിന്റെ ഗോള്‍. എന്നാല്‍ 36-ാം മിനിറ്റില്‍ ബെര്‍ണാണ്ടോ സില്‍വയിലൂടെ പോര്‍ച്ചുഗല്‍ ഒപ്പമെത്തി. ആദ്യ പകുതിയില്‍ സ്‌കോര്‍ 1-1.
രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ, പോര്‍ച്ചുഗലിന് ലീഡ് സമ്മാനിച്ചു. പെനാല്‍റ്റിയിലൂടെയാണ് ക്രിസ്റ്റിയാനോ വല കുലുക്കിയത്. എന്നാല്‍ 84-ാം മിനിറ്റില്‍ ബര്‍ണബാസിന്റെ രണ്ടാം ഗോള്‍ ഹങ്കറിയെ ഒപ്പമെത്തിച്ചു. എന്നാല്‍ ഗോള്‍ ആഘോഷത്തിന് രണ്ട് മിനിറ്റ് മാത്രമായിരുന്നു ആയുസ്. ജാവോ കാന്‍സലോയുടെ ഗോള്‍ പോര്‍ച്ചുഗലിന് വിജയം സമ്മാനിച്ചു. മത്സരത്തില്‍ ഗോള്‍ നേടിയതോടെ ക്രിസ്റ്റിയാനോ ഒരു നേട്ടം സ്വന്തമാക്കി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടമെന്ന റെക്കോഡിനൊപ്പമെത്താന്‍ താരത്തിന് സാധിച്ചു. യോഗ്യതാ റൗണ്ടില്‍ 40കാരന്‍ തന്റെ 39-ാം ഗോളാണ് നേടിയത്.
ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിന് ഒപ്പമാണിപ്പോള്‍ ക്രിസ്റ്റിയാനോ. 36 ഗോളുമായി അര്‍ജന്റീനയുടെ ലിയോണല്‍ മെസി പിറകില്‍. അതേസമയം, ഗ്രൂപ്പ് ഡിയില്‍ മറ്റൊരു മത്സരത്തില്‍ ഐസ്ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രാന്‍സ് തോല്‍പ്പിച്ചു. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഫ്രാന്‍സിന്റെ ജയം. പെനാല്‍റ്റി ഗോളിലൂടെ കിലിയന്‍ എംബാപെയും ബ്രാഡ്ലി ബാര്‍കോലയുമാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ച് ഗോളിന് സെര്‍ബിയയെ തകര്‍ത്തു. ഹാരി കെയ്ന്‍, നോനി മഡുവോകെ, എസ്റി കോണ്‍സ, മാര്‍ക് ഗെയ്, മാര്‍കസ് റാഷ്ഫോഡ് എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. എര്‍ലിംഗ് ഹാളണ്ട് അഞ്ച് ഗോള്‍ നേടിയ മത്സരത്തില്‍ നോര്‍വെ, ഒന്നിനെതിരെ 11 ഗോളിന് മോള്‍ഡോവയെ തകര്‍ത്തു.