വിന്‍ഡീസിന് നാണക്കേട്

രണ്ടാം ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് മൂന്ന് പേരെ പുറത്താക്കി. ആദ്യ പന്തില്‍ ജോണ്‍ ക്യാംപലിനെ (0), ജോഷ് ഇന്‍ഗ്ലിസിന്റെ കൈകളിലെത്തിച്ചു.

author-image
Jayakrishnan R
New Update
aus vs wi

aus vs wi

കിംഗ്സറ്റണ്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ ഇനി വെസ്റ്റ് ഇന്‍ഡീസിന്റെ അക്കൗണ്ടില്‍ . കിംഗ്സ്റ്റണ്‍, സബീന പാര്‍ക്കില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് കേവലം 27 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. സ്‌കോട്ട് ബോളണ്ട് ഹാട്രിക് നേടി. വിന്‍ഡീസ് നിരയില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മത്സരം 176 റണ്‍സിന് ഓസീസ് ജയിക്കുകയും ചെയ്തു. സ്‌കോര്‍: ഓസ്ട്രേലിയ 225 & 121, വെസ്റ്റ് ഇന്‍ഡീസ് 143 & 27. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരി.

രണ്ടാം ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് മൂന്ന് പേരെ പുറത്താക്കി. ആദ്യ പന്തില്‍ ജോണ്‍ ക്യാംപലിനെ (0), ജോഷ് ഇന്‍ഗ്ലിസിന്റെ കൈകളിലെത്തിച്ചു. അഞ്ചാം പന്തില്‍ കെല്‍വോണ്‍ ആന്‍ഡേഴ്സണ്‍ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ബ്രന്‍ഡന്‍ കിംഗ് (0) ബൗള്‍ഡാവുകയും ചെയ്തു. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സൊന്നുമില്ലാതെ വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടം. 

തന്റെ ഓവറിലെ ആദ്യ പന്തില്‍ മിക്ലെ ലൂയിസിനേയും (4) സ്റ്റാര്‍ക്ക് പുറത്താക്കി. നാല് റണ്‍സെടുത്ത വിന്‍ഡീസ് ഓപ്പണര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ആ ഓവറിലെ മൂന്നാം പന്തില്‍ ഷായ് ഹോപ്പിനേയും (2) മടക്കി സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് ആഘോഷിച്ചു. ഇതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് എന്ന നിലയിലായി വിന്‍ഡീസ്.

റോസ്റ്റണ്‍ ചേസിനെ (0) മടക്കി ജോഷ് ഹേസല്‍വുഡും വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചു. വിന്‍ഡീസ് ആറിന് 11. പിന്നീട് ജസ്റ്റിന്‍ ഗീവ്സ് (11) - അല്‍സാരി ജോസഫ് (4) സഖ്യം 15 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് വിന്‍ഡീസ് ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ട്. ഗ്രീവ്സിനെ പുറത്താക്കി സ്‌കോട്ട് ബോളണ്ടും വിക്കറ്റ് വേട്ട ആരംഭിച്ചു. ഷമാര്‍ ജോസഫ് (0), ജോമല്‍ വറിക്കാന്‍ (0) എന്നിവരെ പുറത്താക്കി ബോളണ്ട് ഹാട്രിക്ക് പൂര്‍ത്തിയാക്കി. ജെയ്ഡന്‍ സീല്‍സിനെ ബൗള്‍ഡാക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റും. അല്‍സാരി പുറത്താവാതെ നിന്നു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ ന്യൂസിലന്‍ഡിന്റെ അക്കൗണ്ടിലാണ്. 1955ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അവര്‍ 26 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം സ്ഥാനത്ത് വിന്‍ഡീസും. ദക്ഷിണാഫ്രിക്കയാണ് മൂന്നും നാലും അഞ്ചും സ്ഥാനത്ത്. ഈ മൂന്ന് മത്സരങ്ങളും ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. 1896ലും 1924ലും 30ന് പുറത്തായി. 1899ല്‍ 35നും ടീം പുറത്തായിരുന്നു.

cricket sports