വിരമിക്കല്‍ മത്സരത്തില്‍ ആന്ദ്രെ റസല്‍ തകര്‍ത്തടിച്ചിട്ടും ഓസ്‌ട്രേലിയക്കെതിരെ വിന്‍ഡീസിന് തോല്‍വി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ്(36 പന്തില്‍ 51) അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ വിടവാങ്ങല്‍ മത്സരം കളിച്ച ആന്ദ്രെ റസല്‍ 15 പന്തില്‍ 36 റണ്‍സെടുത്തു

author-image
Jayakrishnan R
New Update
RUSSEL

RUSSEL

കിംഗ്സ്റ്റണ്‍:വിരമിക്കല്‍ മത്സരത്തില്‍ ആന്ദ്രെ റസല്‍ തകര്‍ത്തടിച്ചിട്ടും ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എട്ട് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചപ്പോള്‍ 15.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി. 33 പന്തില്‍ 78 റണ്‍സടിച്ച ജോഷ് ഇംഗ്ലിസും 32 പന്തില്‍ 56 റണ്‍സടിച്ച കാമറൂണ്‍ ഗ്രീനുമാണ് ഓസീസ് വിജയം അനായാസമാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ്(36 പന്തില്‍ 51) അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ വിടവാങ്ങല്‍ മത്സരം കളിച്ച ആന്ദ്രെ റസല്‍ 15 പന്തില്‍ 36 റണ്‍സെടുത്തു. നാലു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിംഗ്‌സ്. ബെന്‍ ഡോര്‍ഷ്യസിന്റെ ഓവറിലാണ് റസല്‍ മൂന്ന് സിക്‌സുകള്‍ പറത്തിയത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ഷായ് ഹോപ്പും(9) ബ്രാന്‍ഡന്‍ കിംഗും(51) ചേര്‍ന്ന് എട്ടോവറില്‍ 63 റണ്‍സടിച്ച് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഷായ് ഹോപ്പിനെ വീഴ്ത്തിയ ഗ്ലെന്‍ മാക്‌സ്വെല്‍ ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഷിമ്രോണ്‍ ഹെറ്റ്‌മെയറും(14), റോസ്റ്റണ്‍ ചേസും(16), റൊവ്മാന്‍ പവലും(12) ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡും(0) മടങ്ങിയതോടെ 98-5ലേക്ക് തകര്‍ന്നടിഞ്ഞശേഷമായിരുന്നു വാലറ്റക്കാരെ കൂട്ടുപിടിച്ച് റസലിന്റെ വെടിക്കെട്ട്. വിന്‍ഡീസിനായി ഗുടകേഷ് മോടിയും(9 പന്തില്‍ 18*) ബാറ്റിംഗില്‍ തിളങ്ങി. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ മാക്‌സ്വെല്ലും നഥാന്‍ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഓപ്പണറായി ഇറങ്ങിയ ഗ്ലെന്‍ മാക്‌സ്വെല്ലും(10 പന്തില്‍ 12) ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും(17 പന്തില്‍ 21) പവര്‍ പ്ലേയില്‍ മടങ്ങിയെങ്കിലും ഇംഗ്ലിസിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും പോരാട്ടം ഓസീസിനെ വിജയവര കടത്തി.

cricket sports