ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, കളി മുടക്കി മഴ

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ 16ാം ഏകദിനത്തിലാണ് ഇന്ത്യയ്ക്കു ടോസ് നഷ്ടമാകുന്നത്.

author-image
Biju
New Update
PERTH

പെര്‍ത്ത്:  ആരാധകര്‍ കാത്തിരുന്നതിന് ആയുസ്സ് കുറവായിരുന്നു! എട്ടു മാസത്തിനു ശേഷം രോഹിത്തും കോലിയും കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ ആവേശത്തിന്റെ ആയുസ്സ് അധികം നീണ്ടില്ല. ഓപ്പണറായി ഇറങ്ങിയ രോഹിത്ത് 14 പന്തില്‍ 8 റണ്‍സെടുത്തും മൂന്നാമനായി ഇറങ്ങിയ കോലി, എട്ടു പന്ത് നേരിട്ട് സംപൂജ്യനായും പുറത്തായി. രോഹിത്തിനെ ഹെയ്സല്‍വുഡ് പുറത്താക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് കോലിയുടെ വിക്കറ്റ്. രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിന്റെ 500ാം മത്സരമായിരുന്നു ഇത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (18 പന്തില്‍ 10) പുറത്തായി. നഥാന്‍ എല്ലിസിനാണ് വിക്കറ്റ്. മഴ മൂലം കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 11.5 ഓവറില്‍ 3ന് 37 എന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യര്‍ (6*) അക്ഷര്‍ പട്ടേല്‍ (7*) എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ 16ാം ഏകദിനത്തിലാണ് ഇന്ത്യയ്ക്കു ടോസ് നഷ്ടമാകുന്നത്. നായകനായി അരങ്ങേറിയ ശുഭ്മാന്‍ ഗില്ലിനും ടോസ് ഭാഗ്യം തിരിച്ചുകൊണ്ടുവരാനായില്ല. 2023 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലിലാണ് ഇന്ത്യയ്ക്ക് അവസാനമായി ഏകദിനത്തില്‍ ടോസ് കിട്ടിയത്.

മൂന്നു പേസര്‍മാരും മൂന്ന് ഓള്‍റൗണ്ടര്‍മാരും അടങ്ങുന്നതാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ് പേസര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി അരങ്ങേറ്റ മത്സരം കളിക്കുന്ന നിതിഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുമുണ്ട്. വാഷിങ്ടന്‍ ടീമിലെത്തിയതോടെ കുല്‍ദീപ് യാദവ് ഇലവനില്‍നിന്നു പുറത്തായി. രാജ്യാന്തര ക്രിക്കറ്റില്‍ 500ാം മത്സരത്തിനാണ് രോഹിത് ശര്‍മ ഇന്നിറങ്ങിയത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരം കളിച്ചവരില്‍ അഞ്ചാം സ്ഥാനത്താണ് രോഹിത്. 664 മത്സരം കളിച്ച സച്ചിനും 551ാം മത്സരം കളിക്കുന്ന കോലിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായിക്കാം, പക്ഷേ ഏകദിന ക്രിക്കറ്റില്‍ 'നമ്പര്‍ വണ്‍' എന്നു തെളിയിക്കാന്‍ ഇന്ത്യയ്ക്കു മുന്നില്‍ ഒരു കടമ്പ കൂടി ബാക്കിയുണ്ട്; ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കുക! ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര വിജയത്തിനായുള്ള 7 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ദൗത്യമാണ് ക്യാപ്റ്റന്‍സിയിലെ തന്റെ കന്നി പോരാട്ടത്തില്‍ ശുഭ്മന്‍ ഗില്ലിനു മുന്നിലുള്ളത്. സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും തിരിച്ചുവരവും ഈ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടവും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ഇതുവരെ 3 രാജ്യാന്തര ഏകദിന മത്സരങ്ങള്‍ക്കു മാത്രമാണ് പെര്‍ത്തിലെ ഓപ്റ്റസ് സ്റ്റേഡിയം വേദിയായിട്ടുള്ളത്. മറ്റൊരിടത്തു നിര്‍മിച്ച്, പരിപാലിച്ച 'ഡ്രോപ് ഇന്‍ പിച്ചുകളാണ് ഇവിടത്തേത്. ബോളര്‍മാരെ സഹായിക്കുന്നതാണ് പെര്‍ത്തിലെ പിച്ചുകളുടെ പൊതുസ്വഭാവം. ഇതുവരെ നടന്ന 3 മത്സരങ്ങളില്‍ രണ്ടിലും രണ്ടാമത് ബാറ്റു ചെയ്ത ടീം വിജയിച്ചു. 153 റണ്‍സാണ് ചേസ് ചെയ്തു കീഴടക്കിയ ഉയര്‍ന്ന ടീം സ്‌കോര്‍. സ്റ്റേഡിയത്തില്‍ ഇന്നു മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.