/kalakaumudi/media/media_files/2025/10/23/in2-2025-10-23-17-42-36.jpg)
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. രണ്ടു വിക്കറ്റ് വിജയമാണ് ഓസ്‌ട്രേലിയ അഡ്‌ലെയ്ഡില്‍ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 46.2 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 20ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം 25ന് സിഡ്‌നിയില്‍ നടക്കും.
മാത്യു ഷോര്‍ട്ടും (78 പന്തില്‍ 74), കൂപര്‍ കോണോലിയും (53 പന്തില്‍ 61) ഓസീസിനായി അര്‍ധ സെഞ്ചറി നേടി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഓസ്‌ട്രേലിയയ്ക്കു ലഭിച്ചത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് നേടിയത് 30 റണ്‍സ്. 11 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെ അര്‍ഷ്ദീപ് സിങ് വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഹര്‍ഷിത് റാണയുടെ പന്തില്‍ ട്രാവിസ് ഹെഡും പുറത്തായെങ്കിലും, മാത്യു ഷോര്‍ട്ടും മാറ്റ് റെന്‍ഷോയും ചേര്‍ന്ന കൂട്ടുകെട്ട് ഓസീസിനെ 100 കടത്തി. ഷോര്‍ട്ട് അര്‍ധ സെഞ്ചറിയുമായി തിളങ്ങിയതോടെ കളിയില്‍ ഇന്ത്യയുടെ നിയന്ത്രണം നഷ്ടമായി.
മാത്യു റെന്‍ഷോ (30), അലക്‌സ് ക്യാരി (ഒന്‍പത്) എന്നിവരെ ഇന്ത്യ പുറത്താക്കിയെങ്കിയും കൂപ്പര്‍ കോണോലിയും തകര്‍ത്തടിച്ചതോടെ ഓസീസ് വിജയമുറപ്പിച്ചു. ഹര്‍ഷിത് റാണയുടെ 36ാം ഓവറില്‍ മുഹമ്മദ് സിറാജ് ക്യാച്ചെടുത്താണ് ഷോര്‍ട്ടിനെ പുറത്താക്കുന്നത്. 23 പന്തില്‍ 36 റണ്‍സെടുത്തു പുറത്തായ മിച്ചല്‍ ഓവനും ഓസ്‌ട്രേലിയയ്ക്കായി തിളങ്ങി. വാലറ്റക്കാരെ പുറത്താക്കി ഇന്ത്യ കളിയിലേക്കു തിരിചെത്താന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇന്ത്യയ്ക്കു വേണ്ടി വാഷിങ്ടന്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും, അര്‍ഷ്ദീപ് സിങ്ങും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. ഓസീസിന് 265 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചറി നേടിയ രോഹിത് ശര്‍മ (97 പന്തില്‍ 73), ശ്രേയസ്സ് അയ്യര്‍ (77 പന്തില്‍ 61), അക്ഷര്‍ പട്ടേല്‍ (41 പന്തില്‍ 44) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്കു കരുത്തായത്. അവസാന ഓവറുകളില്‍ ഹര്‍ഷിത് റാണ (18 പന്തില്‍ 24*), അര്‍ഷ്ദീപ് സിങ് (14 പന്തില്‍ 13) എന്നിവരുടെ ബാറ്റിങ്ങും ടോട്ടല്‍ 260 കടക്കുന്നതിനു സഹായിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ, ഇന്ത്യ കരുതലോടെയാണ് തുങ്ങിയത്. ആദ്യ ഏകദിനത്തില്‍ സംഭവിച്ച കൂട്ടത്തകര്‍ച്ച ആവര്‍ത്തിക്കരുതെന്ന ബോധ്യത്തോടെയാണ് രോഹിത് ഗില്‍ ഓപ്പണിങ് സഖ്യം ബാറ്റു വീശിയത്. ഇതോടെ സ്‌കോര്‍ബോര്‍ഡ് ഇഴഞ്ഞു. മൂന്നാം ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ രണ്ടക്കം കടന്നത്. ഏഴാം ഓവറില്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.
ഓവറിലെ ആദ്യ പന്തില്‍ തന്നെ ഗില്ലിനെ (9 പന്തില്‍ 9) മിച്ചല്‍ മാര്‍ഷിന്റെ കൈകളില്‍ എത്തിച്ച ബാര്‍ട്ട്ലെറ്റ്, അഞ്ചാം പന്തില്‍ കോലിയെ 'സംപൂജ്യ'നായി മടക്കി. ഒരു ബൗണ്ടറി സഹിതമാണ് ഗില്‍ 9 റണ്‍സ് നേടിയത്. നാലു പന്തുകള്‍ നേരിട്ടാണ് കോലി വിക്കറ്റിനു മുന്നില്‍ കുരുങ്ങിയത്. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം 'ഡക്ക്' ആണ് കോലിയുടേത്. ആദ്യ മത്സരത്തിലും കോലി സംപൂജ്യനായി മടങ്ങിയിരുന്നു. ഇതോടെ 2ന് 17 എന്ന നിലയിലായി ഇന്ത്യ. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2ന് 29 എന്ന നിലയിലായിരുന്നു ഇന്ത്യ. 2023നു ശേഷം ഇന്ത്യയുടെ മൂന്നാമത്തെ കുറഞ്ഞ പവര്‍പ്ലേ സ്‌കോറാണിത്.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശ്രേയസ് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു നട്ടെല്ലായത്. ഇരുവരും ചേര്‍ന്ന് 118 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും അര്‍ധസെഞ്ചറി നേടുകയും ചെയ്തു. ഓപ്പണറായി ഇറങ്ങിയ രോഹിത്, 74 പന്തിലാണ് ഏകദിനത്തിലെ 59ാം അര്‍ധസെഞ്ചറി കുറിച്ചത്. 2015നു ശേഷം രോഹിത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചറിയുമാണിത്. ആദ്യ 50 പന്തുവരെ 50ല്‍ താഴെയായിരുന്നു രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ആദ്യം 20 പന്തില്‍ 6 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.
19ാം ഓവറില്‍ മിച്ചല്‍ ഓവനെ മൂന്നു പന്തുകള്‍ക്കിടെ രണ്ടു സിക്‌സറിനു പറത്തിയാണ് രോഹിത് 'ട്രാക്കില്‍' ആയത്. ഇന്നിങ്‌സിലാകെ 2 രണ്ടു സിക്‌സും ഏഴു ഫോറുമാണ് രോഹിത് അടിച്ചത്. 30ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. 77 പന്തില്‍ 7 ഫോറുകള്‍ സഹിതമാണ് ശ്രേയസ്സ് അര്‍ധസെഞ്ചറി നേടിയ. ശ്രേയസ്സിന്റെ കരിയറിലെയും വേഗം കുറഞ്ഞ അര്‍ധസെഞ്ചറികളിലൊന്നാണിത്.
അക്ഷര്‍ പട്ടേല്‍ അഞ്ച് ഫോഫുകള്‍ അടിച്ചു. കെ.എല്‍.രാഹുല്‍ (11), വാഷിങ്ടന്‍ സുന്ദര്‍ (12), നിതീഷ് കുമാര്‍ റെഡ്ഡി (8) എന്നിവര്‍ തിളങ്ങയില്ല. 9ാമനായി എത്തിയ ഹര്‍ഷിത് റാണ മൂന്നു ഫോറുകളും പത്താമനായി ഇറങ്ങിയ അര്‍ഷ്ദീപ് രണ്ടു ഫോറുകളും അടിച്ചു. ഇതു ഇന്ത്യന്‍ സ്‌കോര്‍ 260 കടത്തുന്നതിന് സഹായിച്ചു. അവസാന പന്തിനു തൊട്ടുമുന്‍പ് അര്‍ഷ്ദീപ് ഔട്ടായപ്പോള്‍ എത്തിയ മുഹമ്മദ് സിറാജ് (0*) പുറത്താകാതെ നിന്നു. ഓസീസിനായി ആദം സാംപ നാലു വിക്കറ്റും സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് മൂന്നു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റും വീഴത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
