/kalakaumudi/media/media_files/2025/11/08/gill-2025-11-08-14-42-04.jpg)
ബ്രിസ്ബെയ്ന്‍: അഞ്ചാം ട്വന്റി20യില്‍ ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. 4.5 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 52 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മോശം കാലാവസ്ഥയെ തുടര്‍ന്നു മത്സരം നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ പെയ്യുന്നില്ലെങ്കിലും കനത്ത ഇടിമിന്നലുണ്ട്. ഗാലറിയിലെ ലോവര്‍ സ്റ്റാന്‍ഡുകളില്‍നിന്നുള്‍പ്പെടെ കാണികളെ നീക്കി.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും (13 പന്തില്‍ 23*) ശുഭ്മാന്‍ ഗില്ലുമാണ് (16 പന്തില്‍ 29*) ആണ് ക്രീസില്‍. പരമ്പരയിലുടനീളം ഫോം കണ്ടെത്താന്‍ വിഷമിച്ച ഗില്‍, തുടക്കം മുതല്‍ ഓസീസ് ബോളര്‍മാരെ പ്രഹരിച്ചു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഫോറടിച്ച ഗില്‍, മൂന്നാം ഓവറില്‍ തുടര്‍ച്ചയായി നാലു പന്തുകള്‍ ബൗണ്ടറി കടത്തി. ഇതുവരെ ആകെ ആറു ഫോറുകളാണ് ഗില്‍ അടിച്ചത്. അഭിഷേക് ശര്‍മ ഒരു സിക്‌സും ഒരു ഫോറുമടിച്ചു.
ട്വന്റി20യില്‍ 1000 റണ്‍സെന്ന നാഴിക്കക്കലും അഭിഷേക് ശര്‍മ പിന്നിട്ടു. ഏറ്റവും കുറഞ്ഞ പന്തില്‍ (528) ആയിരം റണ്‍സു പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും അഭിഷേകിന്റെ പേരിലായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ (573) റെക്കോര്‍ഡാണ് തകര്‍ത്തത്. ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് അഭിഷേക് ശര്‍മ. വിരാട് കോലി 27 ഇന്നിങ്‌സുകളില്‍നിന്ന് ആയിരം റണ്‍സു തികച്ചപ്പോള്‍ അഭിഷേക് നേട്ടത്തിലെത്താന്‍ എടുത്തത് 28 ഇന്നിങ്‌സുകള്‍.
മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമുണ്ട്. തിലക് വര്‍മയ്ക്കു പകരം റിങ്കു സിങ് ടീമിലെത്തി. ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റമില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
