ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമംഗം കോമയില്‍, ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 1992-93ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ഹോം പരമ്പരയില്‍ 21ാം വയസ്സിലാണ് മാര്‍ട്ടിന്‍ ഓസീസിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്.

author-image
Biju
New Update
mas

ബ്രിസ്‌ബെയ്ന്‍: മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലായ മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്ടിന്‍ (54) കോമയില്‍. ഓസീസിനായി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടിണ്ട്. ബോക്‌സിങ് ഡേ ടെസ്റ്റിനിടെയാണ് മാര്‍ട്ടിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നതും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

ആസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. തലച്ചോറിനെയും നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചര്‍മത്തെ ബാധിക്കുന്ന ഒരു ഗുരുതര അണുബാധയാണ് മെനിഞ്ചൈറ്റിസ്. സാധാരണയായി ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. മാര്‍ട്ടിന്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന പ്രാര്‍ഥനയിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഡാമിയന്‍ മാര്‍ട്ടിനായി പ്രാര്‍ഥിക്കുന്നുവെന്നും ഉടന്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും ഏറെകാലം സഹതാരമായിരുന്ന ഡാരിന്‍ ലേമാന്‍ എക്‌സില്‍ കുറിച്ചു. വിദഗ്ധ ചികിത്സ തന്നെ മാര്‍ട്ടിന് ലഭ്യമാക്കുന്നുണ്ടെന്ന് അടുത്ത സുഹൃത്തും മുന്‍ ഓസീസ് താരവുമായ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.

താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 1992-93ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ഹോം പരമ്പരയില്‍ 21ാം വയസ്സിലാണ് മാര്‍ട്ടിന്‍ ഓസീസിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 2005ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 165 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍. 2006-07ല്‍ അഡലെയ്ഡില്‍ ആഷസിലാണ് താരം അവസാന ടെസ്റ്റ് കളിച്ചത്. 1999, 2003 ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ മാര്‍ട്ടിനും ഉണ്ടായിരുന്നു.

2003ല്‍ ഇന്ത്യക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലില്‍ താരം നേടിയ അപരാജിത അര്‍ധ സെഞ്ച്വറി (88) ഓസീസ് വിജയത്തില്‍ നിര്‍ണായകമായി. പരിക്കേറ്റ കൈയുമായാണ് താരം അന്ന് കളിച്ചത്. 2006 ചാമ്പ്യന്‍സ് ട്രോഫി നേടിയ ഓസീസ് ടീമിലും മാര്‍ട്ടിനുണ്ടായിരുന്നു.


എന്താണ് വൈറല്‍ മെനിഞ്ചൈറ്റിസ്?

മെനിഞ്ചൈറ്റിസ് എന്നത് തലച്ചോറിനെയും നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചര്‍മ്മത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ്. സാധാരണയായി ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പക്ഷേ വൈറല്‍ അല്ലെങ്കില്‍ ഫംഗസ് അണുബാധയും ഉണ്ടാകാം. ചിലതരം മെനിഞ്ചൈറ്റിസ് തടയാന്‍ വാക്‌സിനുകള്‍ക്ക് കഴിയും. ദുര്‍ബലമായ രോഗപ്രതിരോധശേഷിയുള്ള ആളുകള്‍ക്കും വൈറല്‍ മെനിഞ്ചൈറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തലവേദന, ഓക്കാനം, ആശയക്കുഴപ്പം, പനി, കഴുത്ത് വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.