മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഇന്നു മുതല്‍ ആരംഭിക്കും. മുന്‍ ബ്രിട്ടിഷ് താരം ആന്‍ഡി മറെയെ പരിശീലകനാക്കിയാണ് സെര്‍ബിയന്‍ താരം ജോക്കോ എത്തുന്നത്. കഴിഞ്ഞ സീസണില്‍ ടെന്നിസിനോടു വിടപറഞ്ഞ മറെയ്ക്ക്, ഇത്തവണ 25-ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുന്ന മുപ്പത്തിയേഴുകാരന്‍ ജോക്കോയെക്കാള്‍ ഒരാഴ്ച മാത്രമാണ് പ്രായക്കൂടുതല്‍
25ാം ഗ്രാന്‍സ്ലാം കിരീടത്തിനായി ഒന്നരവര്‍ഷമായി കാത്തിരിപ്പ് തുടരുന്ന ജോക്കോവിച്ച്, 100ാം കരിയര്‍ സിംഗിള്‍സ് കിരീടമെന്ന നേട്ടത്തിനും തൊട്ടരികിലാണ്. കൂടുതല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടങ്ങളില്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും (11) ജോക്കോയ്ക്ക് ഒരു കിരീടം കൂടി വേണം.
ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ വംശജനായ യുഎസ് താരം നിശേഷ് ബസവറെഡ്ഡിയാണ് ജോക്കോയുടെ എതിരാളി. പത്തൊന്‍പതുകാരനായ നിശേഷിന്റെ മാതാപിതാക്കള്‍ ആന്ധ്രപ്രദേശിലെ നെല്ലൂരില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയവരാണ്.
ഒരുവര്‍ഷത്തിനിടെ 2 ഗ്രാന്‍സ്‌ലാം കിരീടം സ്വന്തമാക്കിയ സിന്നര്‍ ലോക ഒന്നാംനമ്പറിന്റെ തലയെടുപ്പുമായാണ് മെല്‍ബണ്‍ പാര്‍ക്കിലേക്ക് വീണ്ടും വരുന്നത്. വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ മൂന്നാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ട്രോഫി ലക്ഷ്യമിട്ടെത്തുന്ന ബെലാറൂസിന്റെ അരീന സബലേങ്കയ്ക്ക് വെല്ലുവിളി രണ്ടാം സീഡ് ഇഗ സ്യാംതെക്കും മൂന്നാം സീഡ് കൊക്കോ ഗോഫുമാണ്. മുന്‍ യുഎസ് ഓപ്പണ്‍ ചാംപ്യന്‍ സ്ലൊവാന്‍സ് സ്റ്റീഫന്‍സിനെതിരെയാണ് സബലേങ്കയുടെ ആദ്യ മത്സരം.